ന്യൂദല്‍ഹി: ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയെ അഭിനന്ദിച്ചുകൊണ്ട് മുന്‍ധനമന്ത്രി പി. ചിദംബരം രംഗത്തെത്തിയിരുന്നു.

ഇന്നലെ നാല് മണിയോടെ ദല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു സിന്‍ഹയെ അഭിനന്ദിച്ചും ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും ചിദംബരം രംഗത്തെത്തിയത്.

തങ്ങള്‍ ആവര്‍ത്തിക്കുന്ന കാര്യം യശ്വന്ത് സിന്‍ഹ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സാമ്പത്തികരംഗത്തെകുറിച്ച് അദ്ദേഹം പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇന്നലെ ചിദംബരം നടത്തിയ പത്രസമ്മേളനം വിവിധ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേയായിരുന്നില്ല. സിന്‍ഹയുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ ചിദംബരം നല്‍കുന്ന വാര്‍ത്താസമ്മേളം ദേശീയമാധ്യമങ്ങള്‍ ലൈവ് ബ്രോഡ്കാസ്റ്റ്‌ചെയ്യുമെന്ന ധാരണയെ ഇല്ലാതാക്കുന്നതായിരുന്നു പല ചാനലുകളുുടെ ഭാഗത്ത് നിന്നുണ്ടായ നടപടി.

എന്‍.ഡി.ടിവിയും മിറര്‍ നൗവും മാത്രമാണ് ചിദംബരത്തിന്റെ വാര്‍ത്താസമ്മേളനം ലൈവ്‌ബ്രോഡ്കാസ്റ്റിങ് നടത്തിയത്. മറ്റ് ചാനലുകളെല്ലാം മറ്റ് വാര്‍ത്തകളായിരുന്നു ആ സമയത്ത് നല്‍കിയിരുന്നത്.

എന്‍.ഡിടിവിയും മിറര്‍ നൗവും ലൈവ് ബ്രോഡ്കാസ്റ്റിങ് നടത്തിയപ്പോള്‍ എ.എന്‍.ഐ ചിദംബരത്തിന്റെ വാര്‍ത്താസമ്മേളത്തിന്റെ പ്രധാനഭാഗങ്ങള്‍ ഫ്‌ളാഷായി ട്വിറ്ററില്‍ നല്‍കുകയായിരുന്നു.

അതേസമയം ചിദംബരത്തിന്റെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുക വഴി ഭരണനേതൃത്വത്തിന്റെ ഏറാംമൂളികളായി മാധ്യമപ്രവര്‍ത്തകര്‍ മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ഇത് ഒരു പുതിയ വ്യവസ്ഥിതിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ നാലാംതൂണാണ് തങ്ങളെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചിദംബരത്തിന്റെ പത്രസമ്മേളനം ലൈവ് ടെലികാസ്റ്റ് ചെയ്യേണ്ടതില്ലെന്ന മാധ്യമങ്ങളുടെ തീരുമാനത്തിന് പിന്നില്‍ ഭരണത്തിലിരിക്കുന്നവരോടുള്ള ഭയമാണെന്ന കാര്യത്തില്‍ സംശമില്ല. എന്തിനേറെ പറയുന്നു, വാര്‍ത്താവിതരണ മന്ത്രിയായ സ്മൃതി ഇറാനി തന്നെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിദംബരത്തിന്റെ വാര്‍ത്താസമ്മേളനം നല്‍കാതിരുന്നത് ചാനലുകള്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയുകയാണ് സിന്‍ഹ ചെയ്തതെന്നും ബി.ജെ.പി എം.പിമാര്‍ കുറേക്കാലമായി രഹസ്യമായി പറയുന്ന കാര്യങ്ങള്‍ സിന്‍ഹ തുറന്നുപറയുകയായിരുന്നെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സാമ്പത്തികമാന്ദ്യമുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ അധികാരകേന്ദ്രങ്ങള്‍ ഇനിയെങ്കിലും അംഗീകരിക്കുമോയെന്നും ചിദംബരം ചോദിച്ചിരുന്നു.

കഴിഞ്ഞ പതിനെട്ട് മാസമായി കോണ്‍ഗ്രസ് ഇക്കാര്യങ്ങള്‍ പറയുന്നു. എന്നാല്‍ തങ്ങളോട് മിണ്ടരുതെന്നാണ് ഭരണകര്‍ത്താക്കള്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ വാക്‌ധോരണിയിലും മുദ്രാവാക്യങ്ങളിലും മാത്രം എത്രകാലം സര്‍ക്കാരിന് ഒളിച്ചിരിക്കാനാവുമെന്നും ചിദംബരം ചോദിച്ചിരുന്നു.