തിരുവന്തപുരം: കഠിനകുളം ചാന്നാങ്കരയില്‍ സ്‌കൂള്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു . പരിക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.

കുട്ടികളെ കൊണ്ട് പോകുന്നതില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ ഗതാഗത മന്ത്രിയുമായി ചേര്‍ന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം അപകടത്തില്‍പെട്ട വാനിന്റെ ഡ്രൈവര്‍ക്ക ലൈസന്‍സ് ലഭിച്ചത് അഞ്ച് ദിവസം മുമ്പ് മാത്രമാണെന്നും ഇ്‌ദ്ദേഹത്തിന്റെ പരിചയക്കുറവാണ് അപകടത്തിനിടയാക്കിയതെന്നും സൂചനയുണ്ട്.

തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് കഴക്കൂട്ടത്തെ ജ്യോതിനിലയം എന്ന സ്‌കൂളിന്റെ വാന്‍ പുഴയിലേക്ക് വീണ് അപകടമുണ്ടായത്. അപകടത്തില്‍ മുന്ന് കുട്ടികള്‍ മരിക്കുകയും 27ഓളം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.