ചങ്ങനാശേരി: തമിഴ്‌നാട് തൃശിനാപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചങ്ങനാശേരി വാഴപ്പള്ളി ‘കവിത’യില്‍ എം.എഫ്.രാമചന്ദ്രപ്പണിക്കര്‍(60), സഹോദരന്‍ പരേതനായ ബാലകൃഷ്ണപ്പണിക്കരുടെ മകന്‍ പ്രമോദ് ബി. പണിക്കര്‍(36) എന്നിവരാണ് മരിച്ചത്. രാമചന്ദ്രപ്പണിക്കരുടെ ഭാര്യ പത്മകുമാരി(54), മകന്‍ ചെന്നൈയില്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ആര്‍.ജയകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃശിനാപ്പള്ളിക്കടുത്ത് പെരുമ്പള്ളൂരിലായിരുന്നു അപകടം. ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് സംഘം ചങ്ങനാശ്ശേരിയില്‍ നിന്ന് പുറപ്പെട്ടത്. സംസ്‌കാരം കഴിഞ്ഞ് തിരികെവരുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍, ഒരു ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. കൂടെ മറ്റൊരു കാറില്‍ സഞ്ചിരിച്ചിരുന്ന ബന്ധുക്കളാണ് അപകട വിവരം നാട്ടിലറിയിച്ചത്.

കോട്ടയം ജില്ലാസഹകരണ ബാങ്ക് റിട്ട. എക്‌സിക്യൂട്ടീവ് ഓഫീസറായ രാമചന്ദ്രപ്പണിക്കര്‍ ഇപ്പോള്‍ ചങ്ങനാശേരിയിലെ ഒരു സ്വകാര്യ ചിട്ടിഫണ്ടില്‍ മാനേജരായി ജോലി ചെയ്യുകയാണ്.