ചങ്ങനാശ്ശേരി: സ്‌കൂള്‍ അസംബ്ലി നടക്കുമ്പോള്‍ സംസാരിച്ചതിന് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രധാനാധ്യാപിക നാക്കുകൊണ്ട് സിമന്റ് തറയില്‍ കുരിശ് വരപ്പിച്ചത് വിവാദമാകുന്നു.

Ads By Google

കുറുമ്പനാടം സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നും മൂന്നും ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഹന്ന നസ്‌റിയ, അക്ഷര എന്നീ വിദ്യാര്‍ത്ഥിനികളെയാണ് പ്രധാനാധ്യാപികയായ കന്യാസ്ത്രീ തറയില്‍ കുരിശ് വരപ്പിച്ചത്.

Subscribe Us:

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കുട്ടികളെ കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. വിവരമറിയാനായി സ്‌കൂളില്‍ എത്തിയ രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളില്‍ എത്തി.

കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടുകാരും രക്ഷിതാക്കളും സമരം നടത്തി. തുടര്‍ന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അപ്പുക്കുട്ടന്‍ എത്തി രക്ഷിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്.

തിങ്കളാഴ്ച അടിയന്തിര പി.ടി.എ യോഗം വിളിച്ച് അധ്യാപകര്‍ കുറ്റസമ്മതം നടത്തുമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. വിദ്യാര്‍ത്ഥിനികളുടെ യൂണിഫോമില്‍ കുരിശ് അടയാളപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയതിനെതിരായ പരാതിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിക്കുമെന്ന് എ.ഇ.ഒ പറഞ്ഞു