എഡിറ്റര്‍
എഡിറ്റര്‍
എ.കെ ആന്റണിയുടെ ബ്രഹ്മോസ് പ്രസംഗത്തിനെതിരെ ലീഗ് മുഖപത്രം
എഡിറ്റര്‍
Monday 19th November 2012 12:43pm

തിരുവനന്തപുരം: പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ ബ്രഹ്മോസ് പ്രസംഗത്തിനെതിരെ മുസ്‌ലീം ലീഗ് മുഖപത്രമായ ചന്ദ്രിക. ആന്റണിയുടെ പ്രസംഗത്തില്‍ ദുരൂഹതയുണ്ടെന്നും പ്രസംഗം സദുദ്ദേശപരമല്ലെന്നും ലേഖനത്തില്‍ പറയുന്നു.

Ads By Google

യൂത്ത് ലീഗ് നേതാവും പത്രാധിപ സമിതിയംഗവുമായ നജീബ് കാന്തപുരത്തിന്റെ ‘ഇടതു സര്‍ക്കാരിന് മാലചാര്‍ത്തും മുന്‍പ് ‘ എന്ന ലേഖനത്തിലാണ് ആന്റണിയെ ശക്തമായി വിമര്‍ശിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ പ്രാചരണത്തിനെത്തിയ ആന്റണി പ്രസംഗങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും വി.എസിനും എളമരം കരീമിനുമെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ലേഖനത്തില്‍ പറയുന്നുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനമേറ്റുവാങ്ങിയ മന്ത്രിയായിരുന്നു ആന്റണിയുടെ പ്രകീര്‍ത്തനത്തിന് ഭാഗ്യം ലഭിച്ച മുന്‍ വ്യവസായമന്ത്രി എളമരം കരീമെന്നും ലേഖനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ വിരുദ്ധ നിലപാടിലൂടെ യു.ഡി.എഫിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമേ ആന്റണിയുടെ പ്രസ്താവന ഉപകരിക്കുകയുള്ളൂ. കേരളത്തിലെ വ്യവസായ വത്ക്കരണം നല്ല രീതിയില്‍ നടപ്പാകുന്ന സാഹചര്യത്തിലുള്ള ആന്റണിയുടെ പ്രസംഗം അങ്ങേയറ്റം അപലപനീയമാണെന്നും ലേഖകന്‍ പറയുന്നു.

വി.എസ് സര്‍ക്കാര്‍ വിവാദങ്ങളല്ലാതെ ഒരു വികസനവും കേരളത്തിലുണ്ടാക്കിയിട്ടില്ലെന്ന് സി.പി.ഐ.എം തന്നെ സമ്മതിച്ചിട്ടുള്ളതാണ്. യു.ഡി.എഫ് ഭരണം ആരംഭിച്ചിട്ട് ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ ഇത്തരമൊരു വെളിപാട് ആന്റണിക്ക് എങ്ങനെയുണ്ടായി എന്ന കാര്യം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.

കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കാന്‍ മാത്രമേ ആന്റണിയുടെ പ്രസംഗത്തിനു കഴിയുകയുള്ളു. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ആന്റണി നടത്തിയ പ്രസംഗങ്ങള്‍ കൈയടി നേടാന്‍ മാത്രമായിരുന്നോ എന്നും ലേഖനം ചോദിക്കുന്നു.

ഉമ്മന്‍ചാണ്ടിയെപ്പോലെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ മുഖ്യമന്ത്രി കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു.

യു.ഡി.എഫ് ഭരിക്കുന്ന കേരളത്തിലേക്ക് പ്രതിരോധ വകുപ്പിന്റെ പദ്ധതികള്‍ കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന ആന്റണിയുടെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ആന്റണി മുന്‍പ് നടത്തിയ ചില ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

കേരള ജനതയ്ക്ക് പ്രതീക്ഷയേകുന്ന എമര്‍ജിങ് കേരള ഉള്‍പ്പെടെ വ്യത്യസ്ത പദ്ധതികള്‍ക്ക് രൂപം നല്‍കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. കേരളത്തിലെ വ്യാവസായിക അന്തരീക്ഷം പ്രതീക്ഷാനിര്‍ഭരമായ തരത്തില്‍ മാറിക്കൊണ്ടിരിക്കുന്ന പുതിയ അന്തരീക്ഷത്തിന്റെ കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിപ്പാന്‍ മാത്രമേ ആന്റണിയുടെ പ്രസ്താവന സഹായിക്കുകയുള്ളു- ലേഖനം ചൂണ്ടിക്കാട്ടുന്നു.

Advertisement