കോഴിക്കോട്: പാര്‍ട്ടി സമ്മേളനത്തിന് മുന്നോടിയായി സി.പി.ഐ.എമ്മില്‍ വീണ്ടും ശക്തമാകുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പിണറായി പക്ഷത്തിന് പിന്തുണയുമായി ചന്ദ്രിക ദിനപത്രത്തില്‍ വാര്‍ത്ത. ‘ വി.എസിന് കാപട്യം, പോരാട്ടത്തിന് പിന്തുണക്കാരില്ല’ എന്ന’ തലക്കെട്ടോടുകൂടി മലപ്പുറത്തിന് നിന്ന് വന്ന റിപ്പോര്‍ട്ടിലാണ് വി.എസ് അച്ച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

അധികാരത്തിന് വേണ്ടി ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത നേതാവാണ് വി.എസ് എന്ന വിശേഷണവുമായാണ് വാര്‍ത്താ തുടങ്ങുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ മുന്നില്‍ക്കണ്ട് വി.എസ് നടത്തുന്നത് ഒളിച്ചുകളിയാണ്. വി.എസിന്റെ പ്രവര്‍ത്തനം ബലിയാടുകളെ സൃഷ്ടിച്ച് അധികാരം ഉറപ്പിക്കുകയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നതായും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

വിമത പ്രവര്‍ത്തനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന വി.പി വാസുദേവന്‍, ടി.പി ചന്ദ്ര ശേഖരന്‍ എന്നവരുടെ അഭിപ്രായവും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധികാരത്തിലെത്തുമ്പോള്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് വി.എസ് ചെയ്തത്. വി.എസിനൊപ്പം നിന്നവര്‍ ഒന്നാകെ പുറത്ത് പോയപ്പോഴും വി.എസ് അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2006നെ അപേക്ഷിച്ച് വി.എസ് അനുകൂലപ്രകടനങ്ങള്‍ 2011ല്‍ കുറഞ്ഞതിന് കാരണം ഇതാണെന്നും വാര്‍ത്തിയില്‍ പറയുന്നു.

വി.എസ് പാര്‍ട്ടി വിട്ട് പുറത്ത് വരാതെ പോരാട്ടം നടത്തുന്നതിനോട് യോജിക്കാനിവില്ലെന്ന് വി.പി വാസുദേവനും ടി.പി ചന്ദ്രശേഖരനും വ്യക്തമാക്കുന്നുണ്ട്.