G Sukumaran Nair

കോഴിക്കോട്: എന്‍.എസ്.എസിനും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രമായ ചന്ദ്രിക. പുതിയ പടനായകര്‍ എന്ന പേരില്‍ എഴുതിയ മുഖപ്രസംഗത്തില്‍ സുകുമാരന്‍  നായര്‍ക്കെതിരെ കടുത്ത വിമര്‍ശനവും പരിഹാസവും നിറഞ്ഞതാണ്.

ആര്‍ .എസ്.എസിന്റെ നയമനുസരിച്ചാണ് പലപ്പോഴും സുകുമാരന്‍നായര്‍ പെരുമാറുന്നതെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവനകളാണ് സുകുമാരന്‍ നായരുടേതെന്നും മുഖപ്രസംഗത്തിലുണ്ട്. ജനറല്‍ സെക്രട്ടറിയായതിനു പിന്നില്‍ ചില കളികളുണ്ടായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Ads By Google

സുകുമാരന്‍ നായര്‍ തന്തക്ക് പിറന്നവനാണെന്ന് വിളിച്ചുപറയുമ്പോള്‍ ചെന്നിത്തലയെ മന്ത്രിയാക്കാനിറങ്ങിത്തിരിച്ച് നായരുപിടിച്ച പുലിവാലുപോലെയായിരിക്കുകയാണെന്ന് ലീഗ് പത്രം പരിഹസിക്കുന്നു.

”വെറുതെ പെരുന്നയില്‍ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു; പോയിപ്പിടിച്ചത് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുപ്പിക്കുന്ന ദൗത്യത്തിന്റെ വാലില്‍. പിടിച്ചോണ്ടിരിക്കാനും വയ്യ പിടിവിടാനും വയ്യ എന്ന പരുവത്തിലാണിപ്പോള്‍ ഇദ്ദേഹം.
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും മുന്നണി സമ്പ്രദായത്തിന്റെയും ഉള്‍ച്ചുഴികള്‍ മനസ്സിലാക്കാതെ ഇറങ്ങിത്തിരിച്ചതുകൊണ്ട് സംഭവിച്ച കാലക്കേടാണിത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബുദ്ധിമോശം.” എന്ന് പറഞ്ഞാണ് ഗോപുരത്തിങ്കല്‍ സുകുമാരന്‍ നായര്‍ എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ ചന്ദ്രിക പരിഹസിക്കുന്നത്.

എന്‍.എസ്.എസിന്റെയും നായര്‍ സമുദായത്തിന്റെയും ആളാകലിനെ ജാതീയമായി താഴെ തട്ടില്‍ നില്‍ക്കുന്നവരെ അധിക്ഷേപിക്കുന്ന തരത്തിലാണെന്ന് വിമര്‍ശനമുയരുന്നുണ്ട്. കേരളത്തില്‍ നായര്‍സമുദായമുള്‍പ്പെടെയുള്ളവര്‍ ചാതുര്‍വര്‍ണ്യ ശ്രേണിയില്‍ ശൂദ്രവിഭാഗമാണെന്ന് നരവംശശാസ്ത്രജ്ഞന്മാരും മറ്റും രേഖപ്പെടുത്തിയിട്ടുള്ളപ്പോള്‍ ചന്ദ്രിക ജാതീയമായി ഇകഴ്ത്തിക്കാട്ടി എന്‍.എസ്.എസിനെ വിമര്‍ശിക്കുന്നത് ഇപ്രകാരമാണ്-

”കേരളത്തില്‍ നായന്‍മാര്‍ മൊത്തം പതിനാലര ശതമാനമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ നിയമാവലി വെച്ചുനോക്കിയാല്‍ വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിന്റെ കൂട്ടത്തില്‍പെടും ഇവര്‍. എന്നാലും തങ്ങള്‍ മുന്നാക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരം”.

മകള്‍ സുജാതയെ വി.സിയോ പി.വി.സിയോ ആക്കണമെന്നും തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിവേണമെന്നും സുകുമാരന്‍ നായര്‍ക്ക് മോഹങ്ങളുണ്ടായിരുന്നുവെന്നും ചന്ദ്രിക പരിഹസിക്കുന്നു.

എന്‍.എസ്.എസും കേരള സര്‍വീസ് കമ്പനിയും ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങളാണെന്നും രേഖകള്‍ തെരഞ്ഞാല്‍ കേരള സര്‍വീസ് കമ്പനിയില്‍ പ്യൂണായിരുന്നു അദ്ദേഹമെന്ന് വ്യക്തമാവുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

എന്നാല്‍ സുകുമാരന്‍ നായരുടെ ജീവചരിത്രക്കുറിപ്പില്‍ അദ്ദേഹം എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നും 1962 ഫെബ്രുവരി 2ന് ആ ജോലിവിട്ട് എന്‍.എസ്.എസ് ആപ്പീസില്‍ ഗുമസ്തനായി എന്നുമാണ് പറയുന്നതെന്നും ചന്ദ്രികയില്‍ എഴുതുന്നു. ഇതിനിടയില്‍ നിയമബിരുദം നേടിയെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കണമെങ്കില്‍ നിയമബിരുദം വേണമെന്നതിനാലാണ് അദ്ദേഹം പ്രസ്തുത യോഗ്യത കരസ്ഥമാക്കിയതെന്നും ചന്ദ്രികയില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

എന്‍.എസ്.എസിന്റെ സ്ഥാപകരിലൊരാളായ വാഴ്പറമ്പില്‍ വേലായുധന്‍ പിള്ളയുടെ മരുമകനായ സുകുമാരന്‍ നായരുടെ ഉയര്‍ച്ചക്ക് പിന്നില്‍ ബന്ധുബലമുണ്ടെന്നും അത് തീര്‍ച്ചയാണെന്നും ചന്ദ്രികയില്‍ പറയുന്നു. നാരായണ പണിക്കരുടെ കാലത്തും ഡീഫാക്‌ടോ ജനറല്‍ സെക്രട്ടറി നായരായിരുന്നു എന്ന കഥവേറെയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സമദൂരം എന്ന ആശയം മുന്നോട്ട് വെച്ചത് സുകുമാരന്‍ നായരുടേതാണെന്നും മുസ്‌ലിം പ്രീണനമെന്ന ഉമ്മാക്കികാണിച്ച് വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടി ഭൂരിപക്ഷ ഐക്യമുണ്ടാക്കാനുള്ള ചാണക്യസൂത്രം സുകുമാരന്‍ നായരുടേതാണെന്നും പറഞ്ഞ് ചന്ദ്രിക പരിഹസിക്കുന്നു.

”ആര്‍.എസ്.എസിന്റെ അജണ്ടയാണ് അദ്ദേഹത്തിന്റേതെന്ന് കരുതുന്നവരുമുണ്ട്. എങ്ങനെയായാലും ഒരു കാര്യത്തില്‍ സംശയമില്ല  കുളിച്ച് കുറിയിട്ടുവന്ന് സുകുമാരന്‍ നായര്‍ രണ്ടുവാക്ക് മൊഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും.

അത് ചിലപ്പോള്‍ വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയാസ്വാസ്ഥ്യവുമൊക്കെ ഉണ്ടാക്കിയെന്നും വരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിന്ന് ഉണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റ്. ഈ സ്പിരിറ്റ് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല” എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.