മലപ്പുറം: പാര്‍ട്ടിയുടെയും നേതൃത്വത്തിന്റെയും പ്രതിഛായ നഷ്ടപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വിടുന്ന ചാനലുകള്‍ക്കെതിരെ മുസ്‌ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’ ശക്തമായി രംഗത്ത്. പ്രധാനമായും ഇന്ത്യാവിഷന്‍ ചാനലിനെതിരെയാണ് പത്രം എഡിറ്റോറിയലുകളിലൂടെയും ലേഖനങ്ങളിലൂടെയും വിമര്‍ശനം അഴിച്ചു വിടുന്നത്.

‘ബ്രേക്കിംഗ് ന്യൂസ്’ എന്ന തലക്കെട്ടില്‍ ഇന്നലെ ചന്ദ്രിക പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പ്രധാനമായും ഇന്ത്യാവിഷന്‍ ചാനലിനെയാണ് വിമര്‍ശിച്ചത്. ഐസ്‌ക്രീം കേസിന്റെയും രണ്ട് പെണ്‍കുട്ടികളുടെയും ചെലവില്‍ പരസ്യം പോലും മാറ്റിവെച്ച് തരംതാണ വ്യക്തിഹത്യ നടത്തുകയാണ് ചാനല്‍ ചെയതതെന്നും ജുഗുപ്‌സാഹവമായ മാധ്യമ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നതെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

Subscribe Us:

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം ആരുടെയോ ക്വട്ടേഷനെടുത്ത് ഈ ചാനല്‍ വസ്തുതകളുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ അഴിച്ചു വിടുന്നതിനാല്‍ ഈ ചാനലിനെ ഇടതു മുന്നണിയിലെ ഘടകകക്ഷിയാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായ അഭിനവ സ്വദേശാഭിമാനിയെ ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കാമെന്നും ചന്ദ്രിക വിമര്‍ശിക്കുന്നു.

ഐസ്‌ക്രീം കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം നല്‍കാന്‍ അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍ കോഴ വാങ്ങിയതിനുള്ള തെളിവുകള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടിരുന്നു. എം.കെ.ദാമോദരന്റെ ജൂനിയറായിരുന്ന അഭിഭാഷകന്‍, ഓഫീസ് ക്ലാര്‍ക്ക്, കാസര്‍കോട്ടെ മുസ്‌ലിം ലീഗിന്റെ മുന്‍ നേതാവ് എന്നിവര്‍ സ്ഥിരീകരിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും ചാനല്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.

ഇതിനുശേഷം, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ വാര്‍ത്താചാനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ലീഗ് നേതാക്കള്‍ക്കെതിരായ അപവാദങ്ങള്‍ ചെറുക്കാനും വിശദീകരിക്കാനും നവംബര്‍ 15 മുതല്‍ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്താനും യോഗം തീരുമാനിച്ചിരുന്നു.