എഡിറ്റര്‍
എഡിറ്റര്‍
പിണറായിയുടെ തലയ്ക്ക് ഒരു കോടി; പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ചന്ദ്രാവത്ത്; ആര്‍.എസ്.എസ് നയമല്ലെന്ന് ദേശീയ കമ്മിറ്റി
എഡിറ്റര്‍
Friday 3rd March 2017 9:47am

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ആര്‍.എസ്.എസ് നേതാവ് ചന്ദ്രാവത്ത്. പ്രസ്താവന തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും ചന്ദ്രാവത്ത് പറയുന്നു.

ചന്ദ്രാവത്തിന്റെ പ്രസ്താവന ആര്‍.എസ്.എസിന്റെ ദേശീയ നയമല്ലെന്ന് ആര്‍.എസ്.എസ് ദേശീയ കമ്മിറ്റി പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന് ചന്ദ്രാവത്ത് ആവര്‍ത്തിച്ചു.

അതേസമയംആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനോട് യോജിപ്പില്ലെന്ന് കേരളത്തിലെ ബി.ജെ.പി നേതൃത്വം പ്രതികരിച്ചിരുന്നു. ഇത് ബി.ജെ.പിയുടെ ശൈലിയല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പ്രസ്താവന നടത്തിയയാളെ ആര്‍.എസ്.എസ് അഖിലേന്ത്യാ നേതൃത്വം തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍.എസ്.എസിന്റെ ഭീഷണി വകവെക്കുന്നില്ലെന്നായിരുന്നു വിഷയത്തില്‍ പിണറായി വിജയന്റെ പ്രതികരണം. ആര്‍.എസ്.എസ് നേതാവിന്റെ പ്രഖ്യാപനത്തെ അപലപിക്കുന്നതായി സി.പി.ഐ.എം കേന്ദ്രനേതൃത്വവും വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭീകര നിരോധന നിയമത്തില്‍ കേസെടുക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടിരുന്നു.

ചന്ദ്രാവത്തിന്റെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുള്‍പ്പെടെയുള്ള നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി നൂറുകണക്കിനാണ് ആളുകളാണ് രൂക്ഷപ്രതികരണം നടത്തിയത്. പിണറായിയേയും സി.പി.ഐ.എമ്മിനേയും അനുകൂലിച്ചും ചന്ദ്രാവത്തിനേയും ആര്‍.എസ്.എസിനേയും പരിഹസിച്ചുമാണ് കമന്റുകള്‍ വന്നത്.

ഉജ്ജയനില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കേരള മുഖ്യമന്ത്രിയ്‌ക്കെതിരായ ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗം.

കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതിന്റെ പ്രതികാരമായി പിണറായി വിജയനെ വധിക്കണമെന്നായിരുന്നു ആഹ്വാനം. പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് സ്വത്ത് വകകള്‍ വിറ്റിട്ടായാല്‍ പോലും ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

അടുത്തിടെ മംഗളൂരുവില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത് തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പിണറായി വിജയന്‍ മംഗളൂരുവില്‍ നടന്ന റാലിയിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കുകയും തന്നെ തടയുമെന്ന് പ്രഖ്യാപിച്ച ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു.

Advertisement