എഡിറ്റര്‍
എഡിറ്റര്‍
ടി.പി സ്മരണയില്‍ പങ്കാളിയാവാന്‍ മകന്‍ നന്ദുവുമെത്തി: കൊയിലാണ്ടിയില്‍ വന്‍ജനാവലി
എഡിറ്റര്‍
Sunday 27th May 2012 9:59am

കൊയിലാണ്ടി: അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി പിടഞ്ഞുവീണ ടി.പി ചന്ദ്രശേഖരനെ സ്മരിക്കാന്‍ കൊയിലാണ്ടിയില്‍ ഒത്തുകൂടിയത് വന്‍ജനാവലി. വിങ്ങുന്ന ഹൃദയത്തോടെ മകന്‍ അഭിനന്ദും അച്ഛന്റെ അനുസ്മരണച്ചടങ്ങില്‍ എത്തി. രമയുടെ അച്ഛനും സി.പി.ഐ.എം ബാലുശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി കെ.കെ മാധവനും ചടങ്ങിനെത്തി.

റവല്യൂഷനറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തിനു ശേഷം ഇതാദ്യമായാണ് മകന്‍ അഭിനന്ദും ഭാര്യാപിതാവ് കെ.കെ മാധവനും ഒരു പൊതുവേദിയില്‍ എത്തിയത്. അനുസ്മരണച്ചടങ്ങിനിടെ പ്രസംഗിച്ചവരെല്ലാം ചന്ദ്രശേഖരന്റെ ധീരതയെ പുകഴ്ത്തിയപ്പോഴെല്ലാം വിങ്ങുന്ന മനസ്സുമായി അഭിനന്ദും മാധവനും ഇരുന്നു.

ആര്‍ട്ടിസ്റ്റ് ഷാജു നെരവത്തിന്റെ പ്രതിഷേധ ചിത്രരചനയോടെയാണ് അനുസ്മരണ പരിപാടിക്ക് തുടക്കമായത്. പ്രതിഷേധത്തിന്റേയും സ്‌നേഹത്തിന്റേയും ഐക്യദാര്‍ഡ്യത്തിന്റേയും ചുവന്ന വിരലടയാളങ്ങള്‍ പതിഞ്ഞ ക്യാന്‍വാസ് ചന്ദ്രശേഖരന്റെ കുടുംബത്തിനുവേണ്ടി അഭിനന്ദും മാധവനും ഏറ്റുവാങ്ങി.

ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഡ്വ. എന്‍.പി.പ്രതാപ്കുമാര്‍ ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മരണം തൊട്ടുപിന്നിലുണ്ടെന്നറിഞ്ഞിട്ടും ധീരതയോടെ നടന്നുനീങ്ങിയ നേതാവായിരുന്നു ചന്ദ്രശേഖരനെന്ന് പ്രതാപ്കുമാര്‍ പറഞ്ഞു. തന്നെക്കുറിച്ചല്ല, തന്നോടൊപ്പം പോര്‍നിലങ്ങളില്‍ ഇറങ്ങിയവരെക്കുറിച്ചായിരുന്നു ചന്ദ്രശേഖരന്റെ മുഴുവന്‍ ആകുലതയുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. നേതൃത്വത്തിന്റെ മാടമ്പി സ്വഭാവം മാറ്റിയാലേ പാര്‍ട്ടി ഇനി രക്ഷപ്പെടുകയുള്ളൂവെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു. അരാഷ്ട്രീയമാണ് സി.പി.ഐ.എം ഇപ്പോള്‍ പ്രവര്‍ത്തകരെ പഠിപ്പിക്കുന്നത്. നേതൃത്വത്തെ പ്രീതിപ്പെടുത്താനാണ് പ്രവര്‍ത്തകര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ഹീനപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത്.

അജ്ഞതയുടെ അന്ധകാരത്തിലാണ് സി.പി.ഐ.എം നേതൃത്വമെന്നും അതുകൊണ്ടാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ നടത്തുന്നതെന്നും പ്രമുഖ ഇടതുപക്ഷ ചിന്തകന്‍ വി.പി. വാസുദേവന്‍ പറഞ്ഞു. സി.പി.എമ്മിനെ നേര്‍വഴിക്ക് നടത്താനുള്ള പോരാട്ടത്തിനിടയില്‍ ഇക്കൂട്ടത്തിലുള്ള ആരെങ്കിലും പിടഞ്ഞുവീണുമരിച്ചാലും പ്രസ്ഥാനവും പോരാട്ടവും നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ബാബു ഭരദ്വാജ്, അഡ്വ. ജോജി പടപ്പയ്ക്കല്‍, ഡോ. പി.ഗീത എന്നിവര്‍ പ്രസംഗിച്ചു. എസ്.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.പി. മെഹ്‌റാബ് ബച്ചന്‍ അധ്യക്ഷത വഹിച്ചു. ജി.സെല്‍വന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Advertisement