കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവര്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

കെ.എല്‍ 58 ഡി 8144 എന്ന നമ്പറിലുള്ള ഇന്നോവ കാറാണ് കണ്ടെത്തിയത്. തലശ്ശേരില്‍ റജിസ്റ്റര്‍ ചെയ്ത കാര്‍ ടാക്‌സി വാഹനമല്ല. കെ.പി. നവീന്‍ദാസ് എന്നയാളുടെ പേരിലാണ് റജിസ്റ്റര്‍ ചെയ്തത്. വാഹനം കണ്ടെത്തിയത് കണ്ണൂര്‍ മാഹിക്കടുത്ത് ചൊക്ലിയില്‍ നിന്നാണ്.

നവീന്‍ദാസില്‍ നിന്നും റഫീഖ് എന്നയാള്‍ വാടകയ്‌ക്കെടുത്തതാണ് ഈ കാറെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാര്‍ പരിശോധിച്ചു വരികയാണ്. കാര്‍ വാടകയ്ക്കു നല്‍കിയവരെക്കുറിച്ചു നവീന്‍ദാസ് പൊലീസിനു വിവരം നല്‍കി.

ഇതിന്റെ  അടിസ്ഥാനത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ രാഷ്ട്രീയ സംഘട്ടനങ്ങളുമായി ബന്ധമുള്ളവരെ അന്വേഷിച്ചാണ് പൊലീസ് തുമ്പു കണ്ടെത്തിയത്.

വെളുത്തഇന്നോവ കാറിലെത്തിയവരാണ് കൊലനടത്തിയതെന്ന് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് സമീപപ്രദേശത്തുള്ളയാള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ കണ്ടെത്താനുള്ള ശ്രമം പോലീസ് രാവിലെ തന്നെ ആരംഭിച്ചിരുന്നു. ഈ കാര്‍ കേസന്വേഷണത്തിന് നിര്‍ണായക വഴിത്തിരിവുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

Malayalam News

Kerala News in English