തിരുവനന്തപുരം: തോമസ് ചാണ്ടിയും പി.വി അന്‍വറും ഭൂമി കൈയേറിയെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാരിന് ഇതു സംബന്ധിച്ച് മുന്‍വിധികളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൈയേറ്റങ്ങള്‍ സംബന്ധിച്ച് ആലപ്പുഴയിലെയും കോഴിക്കോട്ടെയും കളക്ടര്‍മാരോട് വിശദീകരണം സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.


Also Read: സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്ര: ഹരിശ്രീ അശോകന്‍


അതേസമയം വാട്ടര്‍ പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി പിന്‍വലിച്ചത് അറിയില്ലെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ വാദം പൊളിയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി പിന്‍വലിച്ചത് രജിസ്റ്റേര്‍ഡ് തപാലില്‍ എം.എല്‍.എയെ അറിയിച്ചിരുന്നെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂ പതിവ് ചട്ടങ്ങളില്‍ ഇളവ് നല്‍കാനുള്ള കെ.എഫ്.സി എം.ഡി രാജമാണിക്യത്തിന്റെ ആവശ്യം റവന്യൂ മന്ത്രി തള്ളി. ഇടുക്കിയിലെ റിസോര്‍ട്ടുകള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കിയത് ഹൈക്കോടതിയാണ്. അത് മറികടക്കാന്‍ റവന്യൂ വകുപ്പിന് കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.