എഡിറ്റര്‍
എഡിറ്റര്‍
ഗൂഢാലോചന നടത്തിയത് പി.സി ജോര്‍ജ്ജ്, വാഹന ഉടമ വയലാര്‍ രവിയുടെ അടുത്ത ബന്ധു: സി.പി.ഐ.എം
എഡിറ്റര്‍
Sunday 6th May 2012 7:21pm

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സി.പി.ഐ.എം പുതിയ ആരോപണങ്ങളുമായി രംഗത്ത്. കൊലപാതകത്തിന് പിന്നില്‍ പി.സി ജോര്‍ജ്ജാണെന്ന ആരോപണവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത്.

പി.ജി ജോര്‍ജ്ജ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി തവണ കണ്ണൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിയമസഭാ കാര്യങ്ങള്‍ക്കും പാര്‍ട്ടി കാര്യങ്ങള്‍ക്കുമായിരുന്നില്ല ഈ സന്ദര്‍ശനം. ഔദ്യോഗികമല്ലാതെ നടന്ന ഈ സന്ദര്‍ശനം എന്തിന് വേണ്ടിയായിരുന്നുവെന്ന് വ്യക്തമാണ്. ഈ സന്ദര്‍ശനത്തിനിടെയാണ് ഗൂഢാലോചന നടന്നത്. കൊലപാതക സംഘം ഉപയോഗിച്ച കാര്‍ ഉടമ നവീന്‍ ദാസ് കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ അടുത്ത ബന്ധുവാണ്. വാടകക്കൊലയാളികളാണ് കൊലപാതകം നടത്തിയത്. ഇതിന് ഗുഢാലോചന നടത്തിയത് പി.സി ജോര്‍ജ്ജാണ്. ശെല്‍വരാജിനെ സി.പി.ഐ.എമ്മില്‍ നിന്ന് വിലക്കെടുക്കാന്‍ നടന്ന ക്വട്ടേഷന്‍ പ്രവര്‍ത്തനം പോലെയാണോ ചന്ദ്രശേഖരന്റെ കാര്യത്തിലും നടന്നതെന്ന് പോലീസ് അന്വേഷിക്കട്ടെ.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കുകയാണ് കൊലപാതകത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ സംസ്ഥാന വ്യാപകമായി ഏരിയ തലത്തില്‍ നടക്കുന്ന പൊതുയോഗത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍. സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

ജയരാജന്റെ ആരോപണത്തോട് വളരെ രൂക്ഷമായാണ് പി.സി ജോര്‍ജ്ജ് പ്രതികരിച്ചത്. ജയരാജനെപ്പോലെയുള്ളയാളുകളെ വളര്‍ത്തുന്ന പാര്‍ട്ടിയെ നിരോധിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജയരാജനെപ്പോലെ മനുഷ്യനെ കൊല്ലുന്നയാളല്ല ഞാന്‍. ഞാന്‍ കണ്ണൂരില്‍ പോയത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ്. കൂടെ എന്റെ സ്റ്റാഫുണ്ടായിരുന്നു. പോലീസിന് റിപ്പോര്‍ട്ട് നല്‍കിയാണ് ഞാന്‍ പോയത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയോടെ നടത്തിയ ഭീകരമായി കൊലപാതകമാണ് ഇത്. ജയരാജന്‍ വെട്ടേറ്റ് കിടന്നപ്പോഴും ഞാന്‍ കാണാന്‍ പോയിട്ടുണ്ട്. ഒരു മനുഷ്യനെയും കൊല്ലാന്‍ ഞാന്‍ അനുവദിക്കില്ല. ജയരാജന്റെ പ്രസ്താവന മാനസിക രോഗിയുടെ ജല്‍പ്പനമാണെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.

എന്നാല്‍ ജയരാജന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ ഇത്തരം പ്രചാരണങ്ങള്‍കൊണ്ട് യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖനെ കൊലപ്പെടുത്തേണ്ടത് ആരുടെ ആവശ്യമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുമെന്നും ആര്യാടന്‍ പറഞ്ഞു.

Malayalam News

Kerala News in English

Advertisement