Categories

വാല്‍ത്താട്ടി പഞ്ചാബിന് വഴികാട്ടി; കൊമ്പന്‍മാര്‍ക്ക് രക്ഷയില്ലാ!!

മൊഹാലി: എടുത്തുപറയാന്‍ ആരുമില്ലാതിരുന്ന പ്രീതി സിന്റയുടെ പഞ്ചാബ് കിംഗ്‌സിന് ഒറ്റരാത്രികൊണ്ട് ഒരു യുവരാജാവിനെ ലഭിച്ചു. പോള്‍ ചന്ദ്രശേഖര വാല്‍ത്താട്ടി. വെടിക്കെട്ടിന് തിരികൊളുത്തി വാല്‍ത്താട്ടി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ധോണിയുടെ ചെന്നൈ കി0ഗ്‌സിനെ പഞ്ചാബ് ആറുവിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍; ചെന്നൈ 4/188, പഞ്ചാബ് 4/193

വെടിക്കെട്ട് വാല്‍ത്താട്ടി
എന്തൊരു പ്രകടനമായിരുന്നു വാല്‍ത്താട്ടിയുടേത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിപോലും മൂക്കത്തു വിരല്‍വെച്ചുപോയി. അത്രക്ക് ആധികാരികമായിട്ടായിരുന്നു വാല്‍ത്താട്ടി ചെന്നൈ ബൗളര്‍മാരെ നേരിട്ടത്. പഞ്ചാബിന്റെ മറ്റ് താരങ്ങളെല്ലാം വാല്‍മടക്കിയപ്പോഴായിരുന്നു വാല്‍ത്താട്ടി ഒറ്റക്ക് ടീമിനെ ജയത്തിലെത്തിച്ചത്.

ആദ്യം ബാറ്റുചെയ്ത ചെന്നൈക്ക് റണ്ണെടുക്കുന്നതിന് മുമ്പേ ആദ്യരണ്ടുവിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ പിന്നീടൊത്തുചേര്‍ന്ന മുരളി വിജയും (74) ബദരിനാഥും (66) ചേര്‍ന്ന് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. അവസാന ഒവറുകളില്‍ ക്യാപ്റ്റന്‍ ധോണി നടത്തിയ വെടിക്കെട്ടിന്റെ സഹായത്തോടെ (20 പന്തില്‍ 43) ടീം സ്‌കോര്‍ 188ലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് വാല്‍ത്താട്ടിയും ഗില്‍ക്രിസ്റ്റും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ ഗില്‍ക്രിസ്റ്റും (19) മാര്‍ഷും (12) പെട്ടെന്ന് പുറത്തായത് ടീമിന് തിരിച്ചടിയായി. എന്നാല്‍ റണ്‍നിരക്ക് താഴാതെ അടിതുടര്‍ന്നു. ഒടുവില്‍ നാലാം ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി വാല്‍ത്താട്ടി കരസ്ഥമാക്കി. 63 പന്തില്‍ 120 റണ്‍സ് നേടിയ വാല്‍ത്താട്ടിയ്‌ക്കൊപ്പം മധ്യനിരയില്‍ സണ്ണി സിംഗും (20) ദിനേശ് കാര്‍ത്തിക്കും (21) എത്തിയതോടെ അഞ്ചുപന്ത് ബാക്കിനില്‍ക്കേ പഞ്ചാബ് ആദ്യ ജയം സ്വന്തമാക്കി. വാല്‍ത്താട്ടിയാണ് കളിയിലെ താരം.

കൊമ്പന്‍മാര്‍ വീണ്ടും കൊമ്പുകുത്തി
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കൊച്ചിയുടെ കൊമ്പന്‍മാര്‍ കൊമ്പുകുത്തി. പുതുമുഖങ്ങളായ പൂനെ വാരിയേര്‍സിനോട് നാലുവിക്കറ്റിനാണ് കൊച്ചി തോറ്റത്.
ആദ്യം ബാറ്റുചെയ്ത കൊച്ചിയുടെ ഓപ്പണര്‍മാര്‍ രണ്ടുപേരും റണ്‍സെടുക്കാതെ കൂടാരം കയറി. തുടര്‍ന്ന് പാര്‍ത്ഥിവ് പട്ടേല്‍ (21), ഹോഡ്ജ് (39), രവീന്ദ്ര ജഡേജ (47) എന്നിവരാണ് കൊമ്പന്‍മാര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വാരിയേര്‍സിനായി പാര്‍നല്‍ മൂന്നുവിക്കറ്റ് വീഴ്ത്തി.

എന്നാല്‍ 148 എന്ന സ്‌കോര്‍ വാരിയേര്‍സിന് ലക്ഷ്യമേ ആയിരുന്നില്ല. റെയ്ഡറും (17) സ്മിത്തും (24) അവര്‍ക്ക് മികച്ച തുടക്കം നല്‍കി. തുടര്‍ന്നെത്തിയ ഉത്തപ്പയും (31), മിശ്രയും (37*) ചേര്‍ന്ന് പൂനെക്ക് വിജയം നല്‍കുകയായിരുന്നു. മിശ്രയാണ് കളിയിലെ താരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.