Categories

കമ്മ്യൂണിസ്റ്റുകാര്‍ മാന്യമായ ഭാഷ ഉപയോഗിക്കണം: ചന്ദ്രപ്പന്‍

കൊല്ലം: അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ മാന്യവും സഭ്യവുമായ ഭാഷ ഉപയോഗിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍. അന്തസ്സില്ലാത്ത പെരുമാറ്റം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ലെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.  സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമാവുമ്പോള്‍ പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടാവും. എന്നാല്‍ അത് രേഖപ്പെടുത്തുമ്പോള്‍ കുറേക്കൂടി സംസ്‌കാരം കമ്മ്യൂണിസ്റ്റുകാര്‍ കാണിക്കേണ്ടതുണ്ട്. ഉളുപ്പില്ലാത്ത ഭാഷ ഉപയോഗിക്കാം. എന്നാല്‍ ഗൗരവമുള്ള കാര്യം പറയുമ്പോള്‍ രാഷ്ട്രീയക്കാര്‍ കുറേക്കൂടി പക്വത കാണിക്കണം’  ചന്ദ്രപ്പന്‍ പറഞ്ഞു.

മോശമായ ഭാഷ ഉപയോഗിച്ചാല്‍ മുന്നണിയെ കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും ജനങ്ങള്‍ എന്താണ് കരുതുന്നുവെന്ന കാര്യവും ചിന്തിക്കണം. മുന്നണിയില്‍ എല്ലാ കക്ഷികളും തുല്യരാണ്. ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ല. ഐക്യം എന്നാല്‍ പഞ്ചപുച്ചമടക്കി നില്‍ക്കലല്ലെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

സി.പി.ഐയ്ക്ക് ആളില്ല എന്നാണ് പറയുന്നത്. ആളില്ലാത്ത പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. അത് സമ്മേളനത്തിന് ശേഷം നടക്കുന്ന പ്രകടനം തെളിയിക്കുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അല്പന്‍ എന്ന പരാമര്‍ശത്തോട് താന്‍ പ്രതികരിക്കുന്നില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി ചന്ദ്രപ്പന്‍ പറഞ്ഞു. സി.പ.ഐ.എം സമ്മേളനം ഇവന്റ് മാനേജ്‌മെന്റ് ആണ് നടത്തിയതെന്ന തന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെങ്കില്‍ മാപ്പു ചോദിക്കുന്നു. ഇനി അതിനെക്കുറിച്ച് പറയാനാഗ്രഹിക്കുന്നില്ല. അതേസമയം, ഇവന്റ് മാനേജ്‌മെന്റുകാരാണ് നടത്തിയതെന്ന് തെളിയിക്കാന്‍ പിണറായി വെല്ലുവിളിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇനിയും ദിവസങ്ങള്‍ ഉണ്ടെല്ലോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സി.പി.എം സമ്മേളനത്തില്‍ ക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ച് വിവാദമുണ്ടാക്കിയത് ശരിയായില്ല. ചിത്രം വച്ചത് പാര്‍ട്ടിക്കാരല്ലെന്നാണ് പിണറായി വിജയന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ചിത്രം മോര്‍ഫ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകനെ പുറത്താക്കിയെന്നും ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി. സി.പി.ഐ വിടുവായത്തം പറഞ്ഞാല്‍ മിണ്ടാതിരിക്കില്ലെന്ന പിണറായിയുടെ പരാമര്‍ശത്തിന് അത് അവരുടെ കാര്യമാണെങ്കില്‍ മനസിലാകുമെന്നായിരുന്നു ചന്ദ്രപ്പന്റെ മറുപടി.

അടിസ്ഥാനപരമായ ഭിന്നതയില്ലാതെ ചെറിയ തര്‍ക്കങ്ങളുടെ പേരില്‍ മുന്നണിയില്‍ നിന്ന് പുറത്തുപോയിട്ടുള്ള പാര്‍ട്ടികളെ തിരികെ കൊണ്ടുവരണമെന്നാണ് സി.പി.ഐയുടെ അഭിപ്രായം. ഇക്കാര്യത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്.

ഇതിനായി മുന്‍കൈയെടുക്കേണ്ട സന്ദര്‍ഭം വരികയാണെങ്കില്‍ അതിന് ശ്രമിക്കും. എന്നാല്‍ മുന്നണിയുടെ ഐക്യം കളഞ്ഞുകൊണ്ട് ഇതിനായി ശ്രമിക്കില്ല. എല്‍.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തി യു.ഡി.എഫ് സര്‍ക്കാരിനെതിരായ പോരാട്ടം ശക്തമാക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമായിരുന്നു. നിര്‍ണായക നിമിഷത്തില്‍ നേതാവിനെ മാറ്റാന്‍ തീരുമാനിക്കുന്നതുപോലുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുകയില്ലെന്ന് ചന്ദ്രപ്പന്‍ പറഞ്ഞു.

Malayalam news

Kerala news in English

Tagged with:

3 Responses to “കമ്മ്യൂണിസ്റ്റുകാര്‍ മാന്യമായ ഭാഷ ഉപയോഗിക്കണം: ചന്ദ്രപ്പന്‍”

 1. MANJU MANOJ.

  പിണറായിയോട് ഇതു പറയാന്‍ ചന്ദ്രപ്പന് എങ്ങിനെ ദൈര്യം വന്നു??????

 2. satheesh

  Pinarayide parambaryam alla CK ude parambaryam……..
  Nallachchane nalla makkal undaaku…….
  Pinaraiyekkalum enthu kondum uyarnna nilayil sagadana prevarththanam nadathunna aal aaanu CK

 3. RAJAMONY ANEDATHU

  പിണറായി യെ കമ്മ്യൂണിസം പഠിപ്പിക്കാന്‍ ck വരണ്ട
  ഞങ്ങളുടെ vs നേക്കാള്‍ പാരമ്പര്യം ck കു ഉണ്ടോ ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.