എഡിറ്റര്‍
എഡിറ്റര്‍
വി.എസിനെ അനുനയിപ്പിക്കാന്‍ ചന്ദ്രചൂഢന്‍
എഡിറ്റര്‍
Monday 14th May 2012 3:36pm

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പരസ്യമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയ ചന്ദ്രചൂഢനും വി.എസും തമ്മില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയകാര്യങ്ങളെക്കുറിച്ച്  വിഎസുമായി ചര്‍ച്ച ചെയ്‌തെന്നും എന്നാല്‍ ഇതൊന്നും ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും ടി.ജെ.ചന്ദ്രചൂഡന്‍ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. ജനറല്‍ സെക്രട്ടറിയായ ശേഷം വി.എസിനെ വന്നുകാണാന്‍ കഴിഞ്ഞിട്ടില്ല. കൂടുതലും വ്യക്തിപരമായ കാര്യങ്ങളാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ സന്ദര്‍ശനമായിരുന്നില്ലെന്നും രാഷ്ട്രീയകാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരു മണിക്കൂറോളം സംസാരിച്ചതല്ലേ. അപ്പോള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചയാവും. ഇപ്പോള്‍ ഇത്രയൊക്കെയേ പറയാനാവുകയുള്ളൂ. സംഘര്‍ഷമുള്ള സമയമല്ലേ.ഞാനായിട്ട് എന്തെങ്കിലും പറയുന്നില്ല.’ -ചന്ദ്രചൂഢന്‍ പറഞ്ഞു.

വി.എസുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് എന്തെങ്കിലും ദൗത്യം ഉണ്ടായിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി ചന്ദ്രചൂഡന്‍ പറഞ്ഞു.

വി.എസിനെ കാണുന്നതിന് മുമ്പ് പിണറായിയെ കണ്ടിരുന്നോയെന്ന ചോദ്യത്തിന് അതിനെക്കുറിച്ച് പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

Advertisement