ഹൈദരാബാദ്: ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരസമരം എട്ടാമത്തെ ദിവസം അവസാനിപ്പിച്ചു. ആന്ധ്ര സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ചാണ് നായിഡു നിരാഹാരസമരം തുടങ്ങിയത്.

ഒമ്പതു രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കള്‍ ഇന്നലെ ഹൈദരാബാദിലെത്തി നായിഡുവിനെ സന്ദര്‍ശിച്ചിരുന്നു. ഇവരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നായിഡു ഒരു ഗ്ലാസ് ഇളനീര് കഴിച്ച് നിരാഹാരം അവസാനിപ്പിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ കര്‍ഷകര്‍ക്കുവേണ്ടിയുള്ള സമരം വിജയിപ്പിക്കാനായി യു.പി.എ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ടി.ഡി.പി.ക്ക് പിന്തുണ നല്‍കാന്‍ പാര്‍ട്ടി നേതാക്കള്‍ തീരുമാനിച്ചു.

നിരാഹാരത്തെ തുടര്‍ന്ന് നായിഡുവിനെ പോലീസ് നിര്‍ബന്ധിച്ച് ആശുപത്രിയിലാക്കിയിരുന്നു. ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ നില മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ആന്ധ്രയില്‍ ഇടയ്ക്കിടെയുണ്ടാവുന്ന വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചന്ദ്രബാബു നായിഡു നിരാഹാര സമരം തുടങ്ങിയത്.