ചണ്ഡീഗഢ്: ഹരിയാനയിലെ ചണ്ഡീഗഢില്‍ പത്തു വയസുകാരി പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്‍െ പിതാവ് ഇളയ അമ്മാവനെന്നു ഡി.എന്‍.എ ഫലം. നേരത്തെ മൂത്ത അമ്മാവനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഡി.എന്‍.എ പരിശോധനയില്‍ ഇയാളല്ലെന്ന് വ്യക്തമായതോടെയാണ് ഇളയ അമ്മാവനെ പരിശോധനക്ക് വിധേയമാക്കിയത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ പരിശോധനക്കുള്ള അനുമതിക്കായി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കൗണ്‍സിലിംഗിനിടെ ഇളയ അമ്മാവനും തന്നെ പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.


Also Read: ‘ബി.ജെ.പി സര്‍ക്കാര്‍ മാധ്യമങ്ങളെ വേട്ടയാടുന്നു’; മാനനഷ്ടക്കേസില്‍ ഭയപ്പെടില്ലെന്ന് ദ വയറിന്റെ എഡിറ്റര്‍ എം.കെ വേണു


ചണ്ഡിഗഢിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആഗസ്റ്റിലായിരുന്നു പത്തുവയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരാണ് പെണ്‍കുട്ടിയുടെ ചികിത്സയ്ക്കും പ്രസവത്തിനും നേതൃത്വം നല്‍കിയത്.

വയറ്റില്‍ മുഴയെന്നു പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.

ഡി.എന്‍.എ പരിശോധനക്കായി പെണ്‍കുട്ടിയുടെ അമ്മാവന്മാരുടെ രക്തസാമ്പിളുകള്‍ക്കൊപ്പം സമീപവാസികളുടെ സാമ്പിളും പൊലീസ് അയച്ചിരുന്നു. അമ്മാവന്മാരെ കൂടാതെ മറ്റുള്ളവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.