എഡിറ്റര്‍
എഡിറ്റര്‍
വൈദ്യുതി നിരക്ക് കുത്തനെ ഉയരാന്‍ സാധ്യത
എഡിറ്റര്‍
Monday 11th June 2012 9:42am

തിരുവനന്തപുരം: കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് കമ്പനിയായി മാറുന്നതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരുമെന്ന് ആശങ്ക. കമ്പനിവത്കരണത്തിന് മുന്നോടിയായി നിരക്ക് നിര്‍ണയിക്കുന്ന നിലവിലെ രീതി അടിമുടി മാറ്റാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ഈ വര്‍ഷം 1546 കോടിയുടെ നിരക്ക് വര്‍ധന ആവശ്യപ്പെട്ട ബോര്‍ഡിന്റെ പെറ്റീഷനില്‍ ആഴ്ചകള്‍ക്കം തീരുമാനം വരും. എന്നാല്‍ യൂനിറ്റിന് 35 പൈസ മുതല്‍ 1.55 രൂപ വരെ വര്‍ധിപ്പിക്കാനാണ് പുതിയ നിര്‍ദേശം.

ഇതിന് പുറമെ അഞ്ച് രൂപ മുതല്‍ 90 രൂപ വരെ മാസം ഫിക്‌സഡ് ചാര്‍ജും ഈടാക്കും.വീടുകള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഏര്‍പ്പെടുത്തുക, ക്രോസ് സബ്‌സിഡി ഒഴിവാക്കുക, പ്രതിമാസം 200 യൂനിറ്റിന് മേല്‍ ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ വൈദ്യുതിക്കും ഒരേ നിരക്ക് ഈടാക്കുക തുടങ്ങിയ നടപടികള്‍ വേണമെന്ന് റഗുലേറ്ററി കമീഷനോട് ബോര്‍ഡ് ആവശ്യപ്പെട്ടുകഴിഞ്ഞു.

ഇക്കൊല്ലത്തേയും കഴിഞ്ഞ വര്‍ഷത്തേതുമായി 3200 കോടിയോളമാണ് ബോര്‍ഡിന്റെ കമ്മി. ഇതില്‍ 1546 കോടിയോളം രൂപയുടെ കമ്മി ഇപ്പോള്‍ നിരക്ക് വര്‍ധനയായി വരും. ബാക്കി വരുന്ന 1700 കോടിയോളം രൂപയുടെ കമ്മി അടുത്ത ഘട്ടത്തില്‍ മറ്റൊരു നിരക്ക് വര്‍ധനയായി വരും.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ ടെലിസ്‌കോപ്പിക് രീതിയിലാണ് നിരക്ക് നിര്‍ണയിക്കുന്നത്. ആദ്യ 40 യൂനിറ്റിന് കുറഞ്ഞ നിരക്കും പിന്നീട് ഓരോ സ്ലാബിലെത്തുമ്പോഴും അതിന് ആനുപാതികമായി ഉയര്‍ന്ന നിരക്കും ഈടാക്കുന്നുണ്ട്. ഓരോ സ്ലാബിലുമുള്ള നിരക്കുകള്‍ ഉയര്‍ന്ന ഉപഭോഗം ഉള്ളവര്‍ക്കും കിട്ടുന്നു. ഈ സംവിധാനം ഇല്ലാതാക്കാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നു.

20 യൂനിറ്റ് വരെ മാസം ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായാണ് നിലവില്‍ വൈദ്യുതി നല്‍കുന്നത്. ഇത് ഒഴിവാക്കണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുവെങ്കിലും ബോര്‍ഡ് വഴങ്ങിയിട്ടില്ല. എന്നാല്‍ കമ്പനിയാകുമ്പോള്‍ ഇത് തുടരുമോ എന്നത് സംശയമാണ്.

200 യൂനിറ്റിന് മേല്‍ പ്രതിമാസം ഉപഭോഗം വരുന്നവര്‍ക്ക് ഉപയോഗിക്കുന്ന മുഴുവന്‍ യൂനിറ്റിനും ഒരേ നിരക്ക് ഈടാക്കണമെന്ന ആവശ്യമാണ് ബോര്‍ഡിന്. മാസം 300 യൂനിറ്റിന് മേല്‍ ഉപയോഗിച്ചാല്‍ അധികം ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് വിപണി വില (11 രൂപയോളം) ഈടാക്കണമെന്ന് നേരത്തെ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത് കമീഷന്‍ തള്ളിയിരുന്നു.

Advertisement