എഡിറ്റര്‍
എഡിറ്റര്‍
വാതുവെപ്പ് വിവാദം മറികടക്കാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ടീം ഇന്ത്യ
എഡിറ്റര്‍
Saturday 1st June 2013 1:31pm

team-india..

ബര്‍മിങ്ഹാം: വാതുവെപ്പിലും, ഒത്തുകളി വിവാദങ്ങളിലും മുങ്ങിക്കുളിച്ച ഐ.പി.എല്‍ ആറാം സീസണ്‍ സമാപിച്ചതിന് ശേഷം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരാന്‍ ഐ.സി.സി ചാമ്പ്യന്‍ ട്രോഫി സന്നാഹ മത്സരത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നു.

സന്നാഹ മത്സരത്തിലെ രണ്ടാം കളിയില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.

Ads By Google

ഐ.പി.എല്‍ വാതുവെപ്പും, ബി.സി.സി.ഐ തലപ്പത്തെ രാജിവെക്കലും, രാജിവെക്കാതെ തല്‍സ്ഥാനത്ത് തന്നെ തുടരുന്ന എന്‍. ശ്രീനിവാസന്റെ നിലപാടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബാധിച്ചിട്ടില്ലെന്ന് ധോണിക്കും സംഘത്തിനും തെളിയിക്കാനുള്ള അവസരം കൂടിയാണ് ചാമ്പ്യന്‍ ട്രോഫി.

ആറ് സന്നാഹ മത്സരങ്ങള്‍ക്ക് ശേഷം ജൂണ്‍ ആറിനാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരം അരങ്ങേറുന്നത്.

ക്രിക്കറ്റിലെ മിനി ലോകകപ്പ് എന്ന വിശേഷണമുള്ള ചാമ്പ്യന്‍സ് ട്രോഫിയില്‍ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. പൂള്‍ എ, പൂള്‍ ബി എന്നീ അടിസ്ഥാനത്തില്‍ ടീമുകളെ തരംതിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

സന്നാഹ മത്സരത്തില്‍ ശ്രീലങ്കയെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണെന്നും, വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പറഞ്ഞു. ലോകത്തിനുമുമ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും ലോക ചാമ്പ്യന്മാരുടെ സംഘത്തിന് മികച്ചൊരു ജയം അനിവാര്യമാണ്.

ഫാസ്റ്റ് ബൗളര്‍മാര്‍ക്കനുകൂലമായ പിച്ചില്‍ അഞ്ച് ബൗളര്‍മാരെ പരീക്ഷിക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ക്യാപ്റ്റന്‍ ധോണി പറഞ്ഞു.

ബൗളര്‍മാര്‍ക്ക് സാഹചര്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താനാകും എന്നതിനെയാശ്രയിച്ചാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ബര്‍മിങ്ഹാമില്‍ ചിറകു മുളയ്ക്കുക.

ഇരു വശത്തേക്കും ഒരുപോലെ പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള ഭുവനേശ്വര്‍ കുമാറടക്കമുള്ള യുവ ബൗളര്‍മാരിലാണ് ടീം ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്.

ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ ടീം ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍കുമാറിന് പന്തെറിയാന്‍ കിട്ടിയിട്ടുള്ളൂവെങ്കിലും പാകിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനായിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ശ്രീലങ്കയ്‌ക്കെതിരെയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ താരത്തിനാവും.

ഇതിനിടെ വാതുവെപ്പ് വിവാദത്തിന്റെ പശ്ചാതലത്തില്‍ വമ്പിച്ച സുരക്ഷാ ക്രമീകരങ്ങളാണ് ടീം ഇന്ത്യക്ക് ഒതുക്കിയിട്ടുള്ളത്. ഒട്ടേറെ ഇന്ത്യന്‍ കളിക്കാര്‍ക്ക് വാതുവെപ്പില്‍ പങ്കുള്ള സൂചനയെ തുടര്‍ന്നാണ്‌ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Advertisement