ഹൈദരാബാദ്: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ യോഗ്യതാ റൗണ്ട് മത്സരത്തില്‍ കരീബിയന്‍ ചാമ്പ്യന്മാരായ ട്രിനിഡാഡ് ആന്‍ഡ് ടുബേഗോക്ക് ആദ്യ ജയം. ഹൈദരാബാദ് ഉപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന് ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കന്‍ ചാമ്പ്യന്മാരായ രുഹൂനക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു കരീബിയന്‍ ടീമിന്റെ ജയം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രുഹൂന 20 ഓവറില്‍ 138 റണ്‍സിന് പുറത്തായി. ട്രിനിഡാഡ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: രുഹൂന 20 ഓവറില്‍ 138ന് പുറത്ത്; ട്രിനിഡാഡ് 18.5 ഓവറില്‍ 5ന് 144.

ഓപ്പണര്‍മാരായ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ജയസൂര്യയും(13) ഉദ്ദവതെയും(10) പെട്ടെന്ന് പുറത്തായപ്പോള്‍ വണ്‍ഡൗണായിറങ്ങി അര്‍ദ്ധ സെഞ്ചുറി നേടിയ ചന്ദിമാലിന്റെ മികച്ച പ്രകടനമാണ് രുഹാനക്ക സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ചന്ദിമാലിനെക്കൂടാതെ മദ്ധ്യനിരബാറ്റ്‌സ്മാന്‍മാരായ ഗുണരത്‌നയും(23) സമ്പത്തും(20) മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

മറുപടി ബാറ്റിംഗാരംഭിച്ച ട്രിനിഡാഡിന്റെ തുടക്കവും മോശമായിരുന്നു. അക്കൗണ്ട് തുറക്കുന്നതിന് മുന്നെ ഓപ്പണര്‍ ഭരതിനെ നഷ്ടമായ കരീബിയന്‍ ടീമിനെ ഡാരന്‍ ബ്രാവോയുടെയും(44) ഷെര്‍വിന്‍ ഗംഗയുടെയും ബാറ്റിംഗാണ് ജയം സമ്മാനിച്ചത്. അവസാന ഓവറുകളില്‍ കത്തിക്കയറിയ ഷെര്‍വിന്‍ ഗംഗ 15 പന്തുകള്‍ മാത്രം നേരിട്ട നാലു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തി 39 റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ഡാരന്‍ ഗംഗയുടെ സഹോദരനായ ഷെര്‍വിനാണ് കളിയിലെ താരം.