ഹൈദരാബാദ്: ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ക്രിക്കറ്റ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും തോറ്റു. സൗത്ത് ഓസ്‌ട്രേലിയക്കെതിരെ നടന്ന ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ 19 റണ്‍സിനു തോറ്റതോടെ നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റിന് 188 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒന്‍പതുവിക്കറ്റിന് 169 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍: സൗത്ത് ഓസ്‌ട്രേലിയ: 20 ഓവറില്‍ അഞ്ചിന് 188. കൊല്‍ക്കത്ത: 20 ഓവറില്‍ ഒന്‍പതിന് 169.

ടോസ് നേടിയ സൗത്ത് ഓസ്‌ട്രേലിയന്‍ നായകന്‍ മാര്‍ക്ക് ക്ലിംഗര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ കാളം ഫെര്‍ഗൂസണിന്റെ (70*) ബാറ്റിംഗാണ് സൗത്ത് ഓസ്‌ട്രേലിയയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 40 പന്തില്‍ അഞ്ചു ഫോറുകളും നാലു സിക്‌റുകളും അടങ്ങിയതായിരുന്നു ഫെര്‍ഗൂസന്റെ ഇന്നിങ്‌സ്. ഫെര്‍ഗൂസന്റെ ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് ഉപ്പല്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലേത്. അവസാന അഞ്ച് ഓവറില്‍ 74 റണ്‍സാണ് നൈറ്റ് റൈഡേഴ്‌സ് വഴങ്ങിയത്. കൊല്‍ക്കത്തയ്ക്കായി ലക്ഷ്മിപതി ബാലാജി രണ്ടു വിക്കറ്റെടുത്തു; യൂസഫ് പഠാന്‍, ബ്രെറ്റ്‌ലി എന്നിവര്‍ ഓരോ വിക്കറ്റും.

മൂന്നു വിക്കറ്റു വീതമെടുത്ത ഹാരിസും പുട്‌ലാന്റും ചേര്‍ന്നാണ് കൊല്‍ക്കത്തയെ പരാജയത്തിലേക്ക് തള്ളിവിട്ടത്. വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്തക്കുവേണ്ടി റയാന്‍ ടെന്‍ ഡോഷെ (16 പന്തില്‍ 32), മനോജ് തിവാരി (31 പന്തില്‍ 40), ജാക്ക് കാലിസ് (19 പന്തില്‍ 20), ഷക്കീബ് അല്‍ ഹസന്‍ (11 പന്തില്‍ 13), രജത് ഭാട്ടിയ (13 പന്തില്‍ 21) എന്നിവര്‍ക്കു മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായുള്ളൂ. മുന്‍നിര ബാറ്റ്‌സ്മാന്മാരായ ഗൗതം ഗംഭീര്‍, യൂസഫ് പഠാന്‍ എന്നിവര്‍ ചെറിയ സ്‌കോറുകള്‍ക്ക് പുറത്തായതോടെ കൊല്‍ക്കത്തയില്‍ നിന്നും വിജയം അകന്നു.

ചെന്നൈയില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ന്യൂസൗത്ത് വെയില്‍സിനെ നേരിടും.