ബംഗളുരു: ചാമ്പ്യന്‍സ് ലീഗ് ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാവും. ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ദക്ഷിണാഫ്രിക്കന്‍ ടീം വാറിയേഴ്‌സുമായി മാറ്റുരക്കും.

പത്ത് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യിയില്‍ നിന്ന് നാല് ടീമുകളാണുള്ളത്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് പുറമെ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടിയെത്തിയത്.

ഇന്ത്യന്‍ ടീമുകളെ കൂടാതെ ദക്ഷിണാഫ്രിക്കയില്‍ നിന്നു കേപ് കോബ്രാസ്, വാറിയേഴ്‌സ് ടീമുകളും ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സ്, സൗത്ത് ഓസ്‌ട്രേലിയ ടീമുകളും വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതിനിധികളായി എത്തുന്ന ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയും ഇംഗ്ലണ്ടില്‍നിന്നുള്ള സോമര്‍സെറ്റുമാണു മല്‍സര രംഗത്തുള്ളത്.

രണ്ട് ഗ്രൂപ്പുകളായി അഞ്ച് ടീമുകള്‍ വീതം മത്സരിക്കുന്ന പ്രാഥമിക റൗണ്ടില്‍ നിന്ന് ഓരോ ഗ്രൂപ്പിലും കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക്് മുന്നേറും. ഒക്‌ടോബര്‍ ഏഴ്, എട്ട് തീയതികളിലാണ് സെമിഫൈനല്‍ മത്സരം. ഒന്‍പതിനു ഫൈനലും നടക്കും. ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവടങ്ങളിലെ വേദികളിലായാണ് മത്സരം നടക്കുക.