ലണ്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ റണ്ണര്‍ അപ്പായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബേസല്‍ എഫ്.സി സമനിലയില്‍ തളച്ചു. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ക്ലബ്ബായ ബേസല്‍ എഫ്.സിയാണ് മാഞ്ചസ്റ്ററിനെ സമനിലയിലാക്കിയത്. രണ്ടു ഗോളുകള്‍ക്കു മുന്നിട്ടുനിന്ന ശേഷമാണ് യുണൈറ്റഡ് മൂന്നു ഗോളുകള്‍ വഴങ്ങിയത്. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം മൈതാനത്ത് ബയേണ്‍ മ്യൂണിക്കിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോറ്റു. ജര്‍മ്മന്‍ ദേശീയ താരം മരിയോ ഗോമസിന്റെ ഇരട്ട ഗോളുകളാണ് ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

ബേസല്‍ എഫ്.സിയോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വളരെ കഷ്ടപ്പെട്ടാണ് സമനില പിടിച്ചത്. 16, 17 മിനിട്ടുകളില്‍ ഡാനിവെല്‍ബാക്കാണ് മാഞ്ചസ്റ്ററിന്റെ ആദ്യ രണ്ടു ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയില്‍ പക്ഷേ കളിമാറി. 58, 60 മിനിട്ടുകളിലെ സൂപ്പര്‍ സ്‌കോറിംഗുകളിലൂടെ ഫാബിയാന്‍ ഫ്രീയും അലക്‌സാണ്ടര്‍ ഫ്രീയും ബാസലിന് സമനില നല്‍കി. 78-ാം മിനിട്ടില്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി അലക്‌സാണ്ടര്‍ ഫ്രി ബാസലിനെ മുന്നിലെത്തിച്ചു. തൊണ്ണൂറാം മിനിറ്റില്‍ ആഷ്‌ലിയങ്ങിന്റെ ഹെഡറാണ് മാഞ്ചസ്റ്ററിന്റെ മാനം രക്ഷിച്ചത്. സ്‌കോര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-3 ബേസല്‍ എഫ്.സി

മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത ആഘാതമായി ബയേണിനോടേറ്റ തോല്‍വി. കളിയുടെ ആദ്യം മുതല്‍ ആധിപത്യം പുലര്‍ത്തിയ സിറ്റി ആയിരുന്നെങ്കിലും അവര്‍ക്ക് ഗോള്‍ നേടാന്‍ കഴിയാതെ പോയി. എഡിസണ്‍ സസക്കോയും സെര്‍ജിയോ അഗ്യൂറോയുടെയുമെല്ലാം ബയേണ്‍ ഗോള്‍ വല ലക്ഷ്യമാക്കി പലതവണ നീങ്ങിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കളിയുടെ 38-ാം മിനിട്ടിലാണ് ഗോമസ് ബയേണിനായി ആദ്യഗോള്‍ നേടിയത്. 8 മിനിട്ടുകൂടി കഴിഞ്ഞപ്പോള്‍ മുള്ളറുടെ ഫ്രീകിക്ക് ഹെഡ് ചെയ്ത് ഗോമസ് ബയേണിന്റെ രണ്ടാം ഗോളും നേടി. തോല്‍വിയോടെ സിറ്റി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായി. സ്‌കോര്‍: ബയേണ്‍ മ്യൂണിക്ക് 2-0 മാഞ്ചസ്റ്റര്‍ സിറ്റി

സാന്തിയാഗോ ബെര്‍ണാബുവില്‍ നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ അജാക്‌സിനെതിരെ റയല്‍ മാഡ്രിഡിനു വേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കക്ക, കാരിം ബെന്‍സ്മ എന്നിവര്‍ ഗോളടിച്ചു. ബ്രസീലിയന്‍ താരം കാകയുടെ മികച്ച പ്രകടനമാണ് റയലിന്റെ വിജയത്തിനുപിന്നില്‍. ഗ്രൂപ്പില്‍ പോര്‍ചുഗല്‍ ക്ലബായ ബെനഫിക്ക, ബേസില്‍ എന്നിവര്‍ക്കു പിന്നിലായി മാഞ്ചസ്റ്റര്‍. സ്‌കോര്‍: റയല്‍ മാഡ്രിഡ് 3-0 അജാക്‌സ്

ഗ്രൂപ്പ് ബിയില്‍ ആവേശകരമായ മത്സരത്തില്‍ റഷ്യന്‍ ക്ലബ്ബായ സി.എസ്.കെ മോസ്‌കോയ്‌ക്കെതിരെ ഇന്റര്‍ മിലാന്‍ വിജയിച്ചു. 79-ാം മിനിട്ടില്‍ എസ്‌തേബാന്‍ കാംബിയാസോയുടെ പാസ് സി.എസ്.കെയുടെ വലയിലാക്കി മൗരോ മാത്തിയാസ് സരാറ്റെ ഇന്ററിനെ മുന്നിലെത്തിക്കുകയായിരുന്നു. സ്‌കോര്‍: ഇന്റര്‍ മിലാന്‍ 3-2 സി.എസ്.കെ മോസ്‌കോ

മറ്റു മത്സര ഫലങ്ങള്‍:
ബെന്‍ഫിക്ക 1-0 ഒട്ടേലുള്‍ഗലാത്തി
നാപൊളി 2-0 ഡൈനാമൊസഗ്രേസ്
ലില്ലെ 1-1 ട്രാബ്‌സോണ്‍പോര്‍