എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിക്കും ബാഴ്‌സക്കും തോല്‍വി
എഡിറ്റര്‍
Wednesday 27th November 2013 5:00pm

neymarfabrigas

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഗ്രീപ്പ് മത്സരങ്ങളില്‍ യൂറോപ്യന്‍ വമ്പന്മാരായ ചെല്‍സിക്കും ബാഴ്‌സലോണക്കും തോല്‍വി. ഡച്ച് ക്ലബായ അജാക്‌സ് ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ സ്വിറ്റ്‌സര്‍ലണ്ട് ക്ലബായ എഫ്.സി ബാസലിനോടായിരുന്നു ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയുടെ പരാജയം.

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വിസ് ടീമിന്റെ ജയം. പരിക്കിന്റെ പിടിയില്‍പെട്ട ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സക്ക് അജാക്‌സില്‍ നിന്നും തോല്‍വി പിണയുകയായിരുന്നു. സെറെറോ(19), ഡാനി ഹോസെന്‍(42) എന്നിവരാണ് അജാക്‌സിന് വേണ്ടി ഗോളുകള്‍ നേടിയത്.

നാല്‍പ്പത്തിയൊമ്പതാം മിനിറ്റില്‍ സാവി പെനാല്‍റ്റിയിലൂടെയാണ് ബാഴ്‌സലോണയുടെ  ആശ്വാസ ഗോള്‍ കണ്ടെത്തിയത്.  നെയ്മറെ പെനാല്‍റ്റി ഏരിയയില്‍ വെല്‍റ്റ്മാന്‍ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. ഫൗളിനെ തുടര്‍ന്ന് വെല്‍റ്റ്മാന്‍ ചുവപ്പ് കണ്ട് പുറത്താവുകയും ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റ് മുട്ടിയപ്പോള്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ബാഴ്‌സ വിജയിച്ചിരുന്നു. അന്ന് മെസി ഹാട്രിക് നേടിയിരുന്നു. മെസിയുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചെന്ന് വേണം കരുതാന്‍.

ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സാലിഹ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വിറ്റ്‌സര്‍ലണ്ട് ക്ലബ്ബായ ബാസെല്‍ ചെല്‍സിയെ പരാജയപ്പെടുത്തിയത്. കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെയായിരുന്നു സാലിഹ് ടീമിനായി വിജയ ഗോള്‍ നേടിയത്.

തോറ്റെങ്കിലും ചെല്‍സി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. അഞ്ച് കളികളില്‍ നിന്ന് ഒന്‍പത് പോയന്റ് നേടിയാണ്് ചെല്‍സി നോക്കൗണ്ട് റൗണ്ട് സ്ഥാനം ഉറപ്പിച്ചത്.

ഗ്രൂപ്പ് എഫില്‍ ജാക്ക് വില്‍ഷയറിന്റെ ഇരട്ട ഗോളുകള്‍ക്ക് ആഴ്‌സനല്‍ മാഴ്‌സയിലെയും മുന്‍വര്‍ഷത്തെ റണ്ണേഴ്‌സപ്പായ ബൊറൂസ്യ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് നാപ്പോളിയെയും തോല്‍പ്പിച്ചു.

ബ്രസീല്‍ താരം കക്കയുടെയും മരിയോടെലിയുടെയും മികവില്‍ എ.സി മിലാന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെല്‍ടിക്കിനെ തോല്‍പ്പിച്ചു.

Advertisement