മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍  ആദ്യപാദ മത്സരത്തില്‍ എ.സി മിലാന്റെ പോരാട്ടത്തിന്‍ മുമ്പില്‍ ബാഴ്‌സലോണക്ക് തോല്‍വി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മിലാന്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സയെ പരാജയപ്പെടുത്തിയത്.

Ads By Google

മത്സരത്തില്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ ബാഴസയുടെ താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മിലാന്റെ പ്രകടനത്തിന് മുമ്പില്‍ തോറ്റുപിന്‍വാങ്ങേണ്ടി വന്നു.

മത്സരമാരംഭിച്ച്  രണ്ടാം പകുതിയിലാണ്  മിലാന്റെ രണ്ടു ഗോളുകളും പിറന്നത്. 57ാം മിനുട്ടില്‍ കെവിന്‍പ്രിന്‍സ് ബോട്ടെങ്ങും 81ാം മിനുട്ടില്‍ സുലെ മുന്‍താറിയുമാണ് മിലാനു വേണ്ടി ഗോളടിച്ചത്.

ഇരുപതാം മിനുട്ടിലും അറുപത്തി മൂന്നാം മിനുട്ടിലും ഗോളിനുള്ള രണ്ട് അവസരങ്ങളാണ് ലയണല്‍ മെസ്സി പാഴാക്കിയത്. രണ്ടാം പാദ മത്സരത്തില്‍ മികച്ച വിജയം നേടിയാല്‍ മാത്രമേ ബാഴ്‌സയ്ക്ക് ക്വാര്‍ട്ടറില്‍ കളിക്കാനാകൂ.