ലഖ്‌നൗ: ഇന്ത്യന്‍ കര്‍ഷക സമര ചരിത്രത്തില്‍ പുതിയ ഏടായ മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ചിനു പിന്നാലെ യു.പിയില്‍ നടക്കാനിരിക്കുന്ന കര്‍ഷക മാര്‍ച്ചിന്റെ പ്രചരണത്തിനു ലഭിക്കുന്നത് വന്‍ ജനപിന്തുണ. അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ചിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് യു.പിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെയാണ് കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. മാര്‍ച്ച് 15നു കര്‍ഷകര്‍ ലഖ്നൗവിലേക്കാണ് മാര്‍ച്ച്. ‘ചലോ ലഖ്നൗ’ എന്ന പേരിട്ടു സംഘടിപ്പിയ്ക്കുന്ന റാലിയുടെ പ്രചരണം പുരോഗമിക്കുകയാണ്.

ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, കടങ്ങള്‍ ഉപാധിരഹിതമായി എഴുതിതള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍കരണവും അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക, ജനാധിപത്യാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക റാലി.

അതേസമയം ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന യു.പിയിലെ രണ്ടു ലോകസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ഗോരഖ്പൂരില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് പ്രവീണ്‍ കുമാര്‍ നിഷാദ് 1,33,565 വോട്ടിന് ലീഡ് ചെയ്യുകയാണ്. ബി.ജെ.പിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയ്ക്ക് 1,20,917 വോട്ടുകളാണ് ലഭിച്ചത്. ഒന്‍പതാം റൗണ്ട് കൗണ്ടിങ്ങാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്.