നിങ്ങളെന്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ ഭയക്കുന്നത്? വരുംദിവസങ്ങളില്‍ തൃണമൂല്‍ അധികാരം പിടിച്ചെടുക്കുമെന്ന ഭയമാണ് അതിനു കാരണം.


കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ ജയിലിലാക്കുമെന്ന ബി.ജെ.പിയുടെ വെല്ലുവിളി ഭയക്കുന്നില്ലെന്നും ദല്‍ഹി തങ്ങള്‍ പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമബംഗാള്‍ സന്ദര്‍ശത്തിനിടെ മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ അമിത് ഷാ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

‘നിങ്ങളെന്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ ഭയക്കുന്നത്? വരുംദിവസങ്ങളില്‍ തൃണമൂല്‍ അധികാരം പിടിച്ചെടുക്കുമെന്ന ഭയമാണ് അതിനു കാരണം. എന്നെ വെല്ലുവിളിക്കുന്നവരുടെ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു. ഞങ്ങള്‍ ദല്‍ഹി പിടിച്ചെടുക്കും.’ മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.


Must Read: ‘അല്പമെങ്കിലും നാണമുണ്ടെങ്കില്‍ ആദരവ് അര്‍പ്പിക്കാനെന്നും പറഞ്ഞ് പട്ടാളക്കാരുടെ മൃതദേഹത്തിനടുത്ത് വരരുത്’ രാജ്‌നാഥ് സിങ്ങിനോട് സി.ആര്‍.പി.എഫ് ജവാന്‍ 


തൃണമൂല്‍ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. ‘ അവര്‍ ദല്‍ഹിയില്‍ നിന്നുമെത്തി നുണകള്‍ പ്രചരിപ്പിക്കുകയാണ്. അവര്‍ തിരക്കിലാണ് (ബംഗാളില്‍ അധികാര മുറപ്പിക്കാന്‍) അവര്‍ക്ക് ഗുജറാത്തിനെ കൈകാര്യം ചെയ്യാനാവുന്നില്ല. എന്നിട്ടും ബംഗാളില്‍ കണ്ണുവെയ്ക്കുകയാണ്.’ മമത പറഞ്ഞു.

ബംഗാളില്‍ അമിത് ഷാ ബൂത്ത് തലത്തില്‍ നടത്തിയ സംവാദങ്ങളെയും ചേരുകളും ഗ്രാമങ്ങളും സന്ദര്‍ശിച്ചതിനെയും മമത വിമര്‍ശിച്ചു. ‘ അവര്‍ രാവിലെ ചേരികളില്‍ പോകും. രാത്രി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കും. അതാണ് അവരുടെ ഇരട്ടത്താപ്പ്. ഞാന്‍ എല്ലാദിവസവും ചേരികളില്‍ പോകാറുണ്ട്. ദരിദ്രരെ ദരിദ്രര്‍ എന്നു വിളിക്കുന്നത് ശരിയല്ല. എല്ലാ ദരിദ്രരെയും ഞാന്‍ ബഹുമാനിക്കുന്നു.’ അവര്‍ വ്യക്തമാക്കി.

ബി.ജെ.പിക്ക് പരമ്പരാഗതമായി ഒട്ടും സ്വാധീനമില്ലാത്ത അഞ്ച് സംസ്ഥാനങ്ങളാണ് അമിത് 15 ദിവസം കൊണ്ട് സന്ദര്‍ശിക്കുക. 2019ലേക്ക് കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകള്‍ ബംഗാളില്‍ നിന്നും ഉറപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഈ സന്ദര്‍ശനം.