ന്യൂദല്‍ഹി: രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ചമ്ക, ഹജോംഗ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി.


Also Read: ‘ഒരിക്കല്‍ പോലും കൊല്ലപ്പെടുമെന്ന ഭയം തോന്നിയിരുന്നില്ല’; ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍


ബംഗ്ലാദേശിലെ ഈസ്റ്റ് ചിറ്റഗോംഗില്‍ കഴിഞ്ഞിരുന്ന ജനവിഭാഗമാണ് ചമ്കകളും, ഹജോംഗുകളും. 1960കളില്‍ നടന്ന അണക്കെട്ട് അപകടത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ വിഭാഗമാണിവര്‍. ചമ്കകളില്‍ ഭൂരിഭാഗവും ബുദ്ധമതക്കാരും ഹജോംഗുകള്‍ ഹിന്ദുമതത്തില്‍ വിശ്വാസിക്കുന്നവരുമാണ്.

ഈ ജനവിഭാഗത്തിന് പൗരത്വം നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. മ്യാന്‍മറില്‍ കൂട്ടക്കുരൂതി നേരിടുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ രാജ്യത്ത് നിന്ന് തിരിച്ച് അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഐക്യരാഷ്ട്ര സഭവരെ വിമര്‍ശിച്ചിരുന്നു. ഇതെ സാഹചര്യത്തിലാണ് മറ്റൊരു വിഭാഗത്തിനു പൗരത്വം നല്‍കാനുള്ള തീരുമാനം.


Dont Miss: ‘ദല്‍ഹിയില്‍ ആകെയുള്ള സീറ്റില്‍ എ.ബി.വി.പി ജയിച്ചതും വോട്ടെണ്ണല്‍ അട്ടിമറിച്ച്’; പിന്നില്‍ മോദിയും അമിത് ഷായുമെന്ന് എന്‍.എസ്.യു.ഐ


അഭയാര്‍ത്ഥികള്‍ക്കെതിരെയും രണ്ടു തരത്തിലുള്ള നീതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ കേന്ദ്രസര്‍ക്കാര്‍ നീക്കം.

സംസ്ഥാനത്തെ പട്ടിക വിഭാഗത്തില്‍ പെട്ടയാളുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചാലും ചമ്കകള്‍ക്കും, ഹജോംഗുകള്‍ക്കും ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു. 1964 മുതല്‍ അരുണാചല്‍ പ്രദേശില്‍ താമസിച്ച് വരുന്ന ചമ്കകളെയും ഹജോംഗുകളെയും പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും എന്നാല്‍ നിലവില്‍ അതിന് കഴിയില്ലെന്നുമായിരുന്നു റിജിജു പറഞ്ഞത്.