എഡിറ്റര്‍
എഡിറ്റര്‍
ചക്കിട്ടപാറ ഖനനാനുമതി റദ്ദാക്കാന്‍ തീരുമാനം
എഡിറ്റര്‍
Wednesday 27th November 2013 11:45am

perambra

തിരുവനന്തപുരം: കോഴിക്കോട് ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനത്തിന് എം.എസ്.എല്‍ കമ്പനിക്ക് നല്‍കിയ അനുമതി റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് കുറിപ്പ് നല്‍കിയിരുന്നു.

അനുമതി നല്‍കിയതില്‍ നിയമലംഘനമുണ്ടോയെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ചക്കിട്ടപാറയില്‍ ഖനനത്തിന് അനുമതി നല്‍കിയത്. ചക്കിട്ടപാറ, മാവൂര്‍, ചക്കിട്ടപാറ, മാവൂര്‍, കാക്കൂര്‍ എന്നിങ്ങനെ മൂന്നിടങ്ങളിലെ ഖനനാനുമതിയാണ് റദ്ദാക്കിയത്.

മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ വീട്ടിലേക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് പണം വാങ്ങി എത്തിച്ചതായി കരീമിന്റെ വിശ്വസ്തന്‍ നൗഷാദിന്റെ മുന്‍ ഡ്രൈവര്‍ സുബൈര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ഖനനത്തിന് അനുമതി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നൗഷാദ് കമ്പനി അധികൃതരില്‍ പണം വാങ്ങി. ഇത് അഞ്ച് കോടി രൂപയുണ്ടെന്ന് നൗഷാദ് പറയുന്നത് താന്‍ കേട്ടെന്നും സുബൈര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഈ തുക എളമരം കരീമിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. പണം എത്തിച്ച ഉടനെ തന്നോട് തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും സുബൈര്‍ വെളിപ്പെടുത്തി.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി എളമരം കഴിഞ്ഞ ദിവസം പ്രതികരിച്ചു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ചക്കിട്ടപാറയിലാണ് സ്വകാര്യ കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയിരുന്നത്. ചക്കിട്ടപാറ വില്ലേജിലെ 406 ഹെക്ടര്‍ ഭൂമിയിലാണ് കര്‍ണാടകയില്‍ നിന്നുള്ള കമ്പനിക്ക് അനുവദിച്ചിരുന്നത്.

ചക്കിട്ടപാറ വില്ലേജിലെ സര്‍വെനമ്പര്‍ 801 മുതല്‍ 804 വരെയും, 917 മുതല്‍ 923 വരെയും, 924 മുതല്‍ 929 വരെയുമുള്ള 406.4500 ഹെക്ടര്‍ ഭൂമിയിലാണ് കര്‍ണാടകത്തിലെ ബെല്ലാരി ആസ്ഥാനമായിട്ടുള്ള എം.എസ്.എല്‍. കമ്പനി സര്‍വെ നടത്തിയത്.

രണ്ട് വര്‍ഷം മുമ്പാണ് പ്രദേശത്ത് സര്‍വേ ആരംഭിച്ചത്. കേന്ദ്ര ഖനിമന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നു സര്‍വേ. 2008 ലാണ് കേന്ദ്രസര്‍ക്കാര്‍ ഖനനത്തിന് അനുമതി നല്‍കിയത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഖനനത്തിന് അനുമതി നല്‍കിയതെന്ന് കുഞ്ഞാലിക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement