ഷിക്കാഗോ: ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ ഗര്‍ത്തങ്ങളില്‍ മഞ്ഞുപാളികളുടെ വന്‍ശേഖരമുണ്ടെന്ന് ചന്ദ്രയാന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെ ‘മിനിസര്‍’ (Mini-Sar) എന്ന പരീക്ഷണോപകരണം നല്‍കിയതാണ് ഈ വിവരം. 40 ചെറു ഗര്‍ത്തങ്ങളില്‍ ഹിമപാളികളുടെ സാന്നിധ്യം കണ്ടതായാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 60 കോടി മെട്രിക് ടണ്‍ ഹിമശേഖരം ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ ഉണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍. ടെക്‌സാസില്‍ നടക്കുന്ന 41ാമത് ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് ഈ കണ്ടെത്തല്‍ നാസ അവതരിപ്പിച്ചത്.

രണ്ടു മുതല്‍ 15 കിലോമീറ്റര്‍ വരെ വ്യാസമുള്ള മഞ്ഞുപാളികള്‍ ഉണ്ടെന്ന് കണ്ടെത്താന്‍ ചന്ദ്രയാന് കഴിഞ്ഞതായി നാസ വെളിപ്പെടുത്തി. ശാസ്ത്ര, പര്യവേക്ഷണ രംഗത്ത് ചന്ദ്രന്‍ ലക്ഷ്യസ്ഥാനമാണെന്ന് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതായി മിനിസര്‍ ഉപകരണത്തിന്റെ മുഖ്യഗവേഷകനും ഹൂസ്റ്റണിലെ ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി ഇന്‍സ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞനുമായ പോള്‍ സ്പുഡിസ് അഭിപ്രായപ്പെട്ടു.

ചന്ദ്രയാനില്‍ നിന്ന് ലഭിച്ച വിവരം, നാസയുടെ ‘എല്‍ക്രോസ്’ ദൗത്യം നല്‍കിയ വസ്തുതകളുമായി ഗവേഷകര്‍ ഒത്തുനോക്കി ശരിയെന്ന് ഉറപ്പിക്കുകയും ചെയ്തു. മഞ്ഞുപാളികള്‍ക്കൊപ്പം ചാന്ദ്രധ്രുവത്തില്‍ ഹൈഡ്രോകാര്‍ബണുകളും കാണപ്പെടുന്നുണ്ടെന്ന് പഠനവിവരം പറയുന്നു.

2009 ആഗസ്ത് 28നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ എസ് ആര്‍ ഒക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കെയാണ് അവസാനിച്ചത്.