കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിര്‍ദന രോഗികള്‍ക്ക് സൗജന്യമരുന്ന്,ഭക്ഷണം ചികിത്സാസഹായങ്ങള്‍ എന്നിവ നല്‍കി 2001 ല്‍ പ്രവര്‍ത്തനമാരംഭിച്ച സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ 2010 മാര്‍ച്ച് 30 ന് ശിഹാബ് ഡയാലിസിസ് സെന്റര്‍ എന്ന പേരില്‍ സൗജന്യ ഡയാലിസിസ് സെന്ററും ആരംഭിച്ചു
ഡയാലിസിസിന് ആവശ്യമായ മരുന്ന്, ടെസ്റ്റുകള്‍ അടക്കം ദിനം പ്രതി 27 രോഗികള്‍ക്ക് തീര്‍ത്തും സൗജന്യമായി ഡയാലിസിസ് ചെയ്തു വരികയാണ്.

9 മെഷീനുകളില്‍ 3 ഷിഫ്റ്റുകളിലായി തീര്‍ത്തും അര്‍ഹരായ 85 രോഗികളാണ് ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ ഡയാലിസിസിന് വിധേയരാകുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഒരു ഡയാലിസിസിന് 910 രൂപ ചെലവില്‍ 10592 ഡയാലിസിസ് പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്കായി കഴിഞ്ഞ 21 മാസത്തിനിടയില്‍ നിര്‍വഹിച്ചുകൊടുത്തു. ഡയാലിസിസിനുളള സാമ്പത്തിക ബാധ്യതയില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായതോടെ രോഗികളില്‍ കൂടുതല്‍ ഉന്മേഷവും ആരോഗ്യവും പ്രകടമാകുന്നുവെന്ന് സെന്ററിലെ നെപ്രോളജി വിദഗ്ധന്‍ ഡോ.സുനില്‍ ജോര്‍ജ് സാക്ഷ്യപ്പെടുത്തുന്നു.

ഉദാരമതികളുടെ സഹായം കൊണ്ടാണ് ഈ സ്ഥാപനം നടത്തിക്കൊണ്ട് പോകാന്‍ കഴിയുന്നത്. ഡയാലിസിസ് ഇനത്തില്‍ 81 ലക്ഷം രൂപ വര്‍ഷത്തില്‍ ചെലവഴിക്കുന്ന സെന്ററിന്റെ വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ ചിലവ് ഇരട്ടിയായി വര്‍ദ്ധിക്കും. കാരുണ്യത്തിന്റെ മഹിത മാതൃകയായി മാറിയ ഈ സ്ഥാപനത്തെ സഹായിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ട് വരണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
കേരള വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ് ,ദുബൈ സി.എച്ച് സെന്റര്‍ പ്രസിഡന്റ് എ.പി അബ്ദുസ്സമദ് സാബീല്‍,യു.എ.ഇ സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ചന്ദ്രിക എഡിറ്റര്‍ നവാസ് പൂനൂര്‍ കോഴിക്കോട് സി.എച്ച് സെന്റര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.വി സിദ്ദിക്ക് മാസ്റ്റര്‍ ,സെക്രട്ടറി ബപ്പന്‍കുട്ടി നടുവണ്ണൂര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Malayalam news, Kerala news in English