Categories

നടുവേദനയകറ്റാന്‍ ചില എളുപ്പവഴികള്‍

backpain

ഇന്ന് മിക്കവരിലും കണ്ടുവരുന്ന അസുഖങ്ങളിലൊന്നാണ് നടുവേദന. പ്രധാനമായും നില്‍ക്കുന്നതിന്റെയും ഇരിക്കുന്നതിന്റെയുമൊക്കെ രീതി ശരിയല്ലാതാകുമ്പോഴാണ് നടുവേദന പ്രകടമാകുക.

നടുവേദന തന്നെ പല വിധത്തില്‍ വരാം. ചിലപ്പോള്‍ സ്ഥിരമായുള്ള നേരിയ വേദനയായും മറ്റ് ചിലപ്പോള്‍ ഇടമുറിഞ്ഞുള്ള കടുത്ത വേദനയായും നടുവേദന പ്രത്യക്ഷപ്പെടാം.

പെട്ടെന്നുള്ള ഉളുക്കോ മുറിവോ ഒക്കെ സംഭവിക്കുമ്പോഴും നടുവേദന വരാം. സന്ധിവാതവും നടുവേദനക്ക് കാരണമാകാം.

നടുവേദന ശമിപ്പിക്കാനുള്ള ചില എളുപ്പ വഴികളാണ് ഇവിടെ പറയുന്നത്. പക്ഷേ ഇവയൊക്കെ പരീക്ഷിച്ചിട്ടും ശമിക്കാത്ത വേദനയാണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്.

1) വ്യായാമം:

നടുവേദനയകറ്റാനുള്ള ഏറ്റവും ഉത്തമമാര്‍ഗം സ്ഥിരമായുള്ള വ്യായാമമാണ്. ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ നടത്തം പോലുള്ള വ്യായാമം ശീലിക്കുന്നത് ശരീരത്തെ ശരിയായ പൊസിഷനിലേക്കാക്കും.

നിങ്ങളുടെ വേദനയുടെ തീവ്രത അനുസരിച്ചാണ് വ്യായാമം ചെയ്യേണ്ടത്. അതിനാല്‍ ഫിസിഷ്യനെ കണ്ട് അവനവന്റെ പ്രായത്തിനുതകുന്ന വ്യായാമമുറകള്‍ സ്വീകരിക്കുന്നതാണ്  ഏറ്റവും നല്ലത്. പ്രായത്തിനുതകുന്നതല്ലാത്ത വ്യായാമമുറകള്‍ ചിലപ്പോള്‍ വിപരീത ഫലം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

2)നന്നായി ഉറങ്ങുക:

എല്ലാവര്‍ക്കും മൃദുലമായ വസ്തുക്കളില്‍ കിടക്കാനാണ് ഇഷ്ടം. എന്നാല്‍ നടുവേദനയുള്ളവര്‍ മൃദുലമായ വസ്തുക്കളില്‍ കിടക്കാതെ ദൃഡമായ പ്രതലത്തില്‍ കിടന്നുറങ്ങി ശീലിക്കണം. ഇത് ഒരു പരിധി വരെ നടുവേദനയകറ്റും.

3)ആരോഗ്യകരമായ രീതിയില്‍ തൂക്കം നിലനിര്‍ത്തുക:

ആരോഗ്യകരമായ രീതിയില്‍ തൂക്കം നിലനിര്‍ത്തുന്നതിലൂടെ നടുവേദനയകറ്റാം. വണ്ണം കൂടുതലുള്ളവരിലാണ് സാധാരണയായി നടുവേദനയും കൂടുതല്‍ കണ്ടുവരുന്നത്. അമിതവണ്ണം നടുവിന് കൂടുതല്‍ ആയാസം നല്‍കും.

അമിത വണ്ണത്തിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ആരോഗ്യകരമായ പച്ചക്കറിയും പഴങ്ങളും ഭക്ഷണ പദാര്‍ത്ഥത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.

4)പുകവലി ഉപേക്ഷിക്കുക:

പുകവലി ശ്വാസകോശത്തിന് മാത്രമല്ല നടുവിനെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. പുകവലിക്കുന്നതിലൂടെ നടുവെല്ലിലേക്കുള്ള രക്തയോട്ടം നില്‍ക്കുകയും സന്ധികള്‍ ക്ഷയിക്കുകയും ചെയ്യും. അതിനാല്‍ പുകവലി നടുവേദനയുള്ളവര്‍ ഉപേക്ഷിക്കേണ്ടതാണ്.

Tagged with: