ഡൊമിനിക: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ സെഞ്ച്വറി തന്റെ മികച്ച ഇന്നിംഗ്‌സുകളിലൊന്നാണെന്ന് വെസ്റ്റിന്‍ഡീസ് മധ്യനിര ബാറ്റ്‌സ്മാന്‍ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍. ചന്ദര്‍പോള്‍ പുറത്താകാതെ 116 റണ്‍സാണ് എടുത്തത്.

‘ഈ സെഞ്ച്വറി എന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. കാരണം ടീം തകര്‍ച്ച നേരിടുമ്പോഴാണ് ഞാന്‍ ബാറ്റ് ചെയ്യാനെത്തുന്നത്. ബൗളര്‍മാര്‍ക്ക് നല്ല ബൗണ്‍സും ടേണിംഗും കിട്ടിത്തുടങ്ങിയ പിച്ചില്‍ അഞ്ചാം ദിവസം ബാറ്റ് ചെയ്യുക ഏറെ ദുഷ്‌കരമാണ്. അപ്പോള്‍ ബാറ്റ് ചെയ്യാന്‍ നല്ല ശ്രദ്ധയും ക്ഷമയും വേണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വാഭാവികമായ കളി പുറത്തെടുക്കാന്‍ പ്രയാസമാണ്. ഞാന്‍ എന്റെ മുഴുവന്‍ കഴിവും ഉപയോഗിച്ചാണ് ബാറ്റ് ചെയ്തത്. സ്‌കോര്‍ ചെയ്യാനുള്ള എല്ലാ സ്ഥലങ്ങളിലും ധോണി ഫീല്‍ഡര്‍മാരെ നിരത്തിയിരുന്നു. അതുകൊണ്ട് ആ സമയം ബാറ്റ് ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു’. ചന്ദര്‍പോള്‍ പറഞ്ഞു

40 ന് മൂന്ന് എന്ന നിലയില്‍ വിന്‍ഡീസ് പരുങ്ങുമ്പോഴാണ് ചന്ദര്‍പോള്‍ ക്രീസിലെത്തുന്നത്. പിന്നീട് എട്ട് മണിക്കൂര് ക്രീസില്‍ നിന്ന് കിര്‍ക്ക് എഡ്വാര്‍ഡിനെയും ഫിഡല്‍ എഡ്വാര്‍ഡിനെയും കൂട്ട് പിടിച്ച് ചന്ദര്‍പോള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഉറപ്പിച്ച വിജയം ഇന്ത്യയില്‍ നിന്ന് തട്ടിതെറിപ്പിച്ചത്.

അവസാന ടെസ്റ്റ് മത്സരം സമനിലയിലാണ് അവസാനിച്ചത്. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 32 ഓവറില്‍ മൂന്നു വിക്കറ്റിന് 94 റണ്‍സ് എന്ന നിലയിലായിരിക്കേ ഇരുടീമുകളും സമനില സമ്മതിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ 1-0ന് പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.