തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് മതിപ്പ് പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് കാലത്ത് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. അപ്പോഴാണ് പ്രധാനപ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത കാര്യം അദ്ദേഹത്തെ ധരിപ്പിച്ചത്.


Dont Miss അമിത്ഷായെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്; അമിത്ഷായ്ക്കും സ്മൃതി ഇറാനിക്കുമെതിരായ വാര്‍ത്ത മുന്‍നിര മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് കേന്ദ്രത്തിന്റെ സെന്‍സറിങ്


കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന കാര്യവും അദ്ദേഹത്തോട് വ്യക്തമാക്കി. ആ നിലപാടിലും രാജ്‌നാഥ് സിങ്ങ് സംതൃപ്തി പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയെ രാജ്‌നാഥ്സിങ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന വാര്‍ത്ത ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ നേരത്തെ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടുള്ള പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്നലെ രാത്രിയാണ് ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിനെ ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ പൊലീസിനായിരുന്നു.

പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വ്യക്തിവൈരാഗ്യമാണെന്നും പൊലീസ് പറഞ്ഞു.