ന്യൂദല്‍ഹി: സുരക്ഷാകാരണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ത്രിജി മൊബൈല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ടെലികോം മന്ത്രാലയത്തിനാണ് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ബ്ലാക്ക്‌ബെറി അടക്കമുള്ള കമ്പനികള്‍ നല്‍കുന്ന സേവനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു. വോയ്‌സ് ചാറ്റ്, ഇന്റര്‍നെറ്റ്, എന്നീ ആധുനികസേവനങ്ങള്‍ ത്രിജി ഫോണുകളിലൂടെ ലഭ്യമാക്കുന്നുണ്ട്. തേര്‍ഡ് ജനറേഷന്‍ ഫോണുകള്‍ നല്‍കുന്ന ചില സേവനങ്ങള്‍ നിരീക്ഷിക്കാന്‍ തക്ക സംവിധാനം നിലവില്ലാത്തതും നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനെ പ്രേരിപ്പിച്ചു.

ആഭ്യന്തരസുരക്ഷയുടെ പേരില്‍ ജമ്മുകശ്മീരില്‍ ത്രിജി സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ കമ്പനികള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് നിരീക്ഷിക്കാനുതകുന്ന സംവിധാനം ഏര്‍പ്പെടുത്തിയശേഷമേ നിരോധനം നീക്കുവെന്നും ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.