Categories

സി.ബി.ഐയ്‌ക്കെതിരായ കോടതി വിധി; കേന്ദ്രം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

supreme-court-new-2

ന്യൂദല്‍ഹി: സി.ബി.ഐയ്‌ക്കെതിരെയുള്ള ഗുവാഹത്തി ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഇന്ന് തന്നെ കോടതി പരിഗണിക്കും.

ഗുവാഹത്തി ഹൈക്കോടതിയുടെ വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വാഹന്‍വതിയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സി.ബി.ഐ രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന കോടതിയുടെ സുപ്രധാനമായ വിധി ജസ്റ്റിസ് ഇഖ്ബാല്‍ അഹമ്മദ്, ജസ്റ്റിസ് ഇന്ദിര ഷാ എന്നവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് പ്രസ്താവിച്ചത്.

എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ കുറ്റാന്വേഷണ ഏജന്‍സി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം ഏജന്‍സികള്‍ രൂപീകരിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടതാണെന്നുമാണ് കോടതി പ്രസ്താവിച്ചത്.

2 ജി അഴിമതിക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ സി ബി ഐയ്‌ക്കെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചത്.

ആസാമിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ നവനീതകുമാര്‍ നല്‍കിയ റിട്ട് ഹരജിയിലാണ് ഗുവാഹാത്തി ഹൈക്കോടതി സി.ബി.ഐയ്ക്ക് നിയമസാധുതയില്ലെന്ന വിധി പ്രസ്താവിച്ചത്.

നേരത്തെ കൈക്കൂലിക്കേസില്‍ നവനീതകുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ അദ്ദേഹം നല്‍കിയ ഹരജികള്‍ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

1963 ഏപ്രില്‍ ഒന്നിന് അന്നത്തെ കേന്ദ്രആഭ്യന്തര മന്ത്രിയായിരുന്ന കെ. ബി. വിശ്വനാഥ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറിനെ തുടര്‍ന്നാണ് സി.ബി.ഐ നിലവില്‍ വന്നത്. ദല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സി.ബി.ഐ പ്രവര്‍ത്തിക്കുക എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

ഈ ഉത്തരവും ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Tagged with: |