Categories

ഗാന്ധി ചിത്രം പതിച്ച പെന്‍: കമ്പനിക്ക് കോടതി നോട്ടീസ്

gandhi-penമുംബൈ: മഹാത്മാഗാന്ധിയെ ബ്രാന്‍ഡ് അംബാസിഡറാക്കി പെന്‍ പുറത്തിറക്കിയ മോണ്ട് ബ്ലാങ്ക ഇന്റര്‍നാഷണല്‍ കമ്പനിക്കും കേന്ദ്രസര്‍ക്കാറിനും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ആഡംബര പേന നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിന്‍ മേലാണ് കോടതി നടപടി. പാലാ സ്വദേശിയും സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമായ ഡിജോ കാപ്പനാണ് ഹരജി നല്‍കിയത്.

ഗാന്ധിജയന്തിയോടനുബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 29ന് മുംബൈയിലാണ് മഹാത്മാഗാന്ധിയുടെ ചിത്രവും ഒപ്പും അടങ്ങുന്ന 241 ആഡംബരപേനകള്‍ കമ്പനി പുറത്തിറക്കിയത്. ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയാണ് പുറത്തിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്. ഒരു പേനക്ക് 11.39 ലക്ഷം രൂപയാണു വില. പേന പുറത്തിറക്കാന്‍ തുഷാര്‍ ഗാന്ധി കമ്പനിക്ക് അനുമതി നല്‍കിയിരുന്നു. തുഷാര്‍ നടത്തുന്ന മഹാത്മാഗാന്ധി ഫൗണ്ടേഷന് കമ്പനി 72 ലക്ഷം രൂപ നല്‍കുകയും ചെയ്തു.

ലളിത ജീവിതം നയിച്ച മഹാത്മാവിന്റെ പേരില്‍ ആഢംബര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും തെറ്റാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. മുദ്രകളും പേരുകളും അനധികൃതമായി ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുളള 1950 ലെ എംബ്ലംസ് ആന്‍ഡ് നേംസ്(പ്രിവന്‍ഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ്) നീയമത്തിലെ വകുപ്പ് ഒന്‍പത് എ. അനുസരിച്ച് ഗാന്ധിജിയുടെ പേരും ചിത്രവും രേഖപ്പെടുത്തിയ വസ്തു വാണിജ്യ, കച്ചവട ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

അതേസമയം കോടതി നടപടിയുണ്ടായ സാഹചര്യത്തില്‍ ആവശമെങ്കില്‍ സ്വന്തം നിലയില്‍ കേസിനെ കോടതിയില്‍ പ്രതിരോധിക്കുമെന്നു തുഷാര്‍ പറഞ്ഞു. പേനയിലൂടെ കമ്പനി ഗാന്ധിജിയെ ചൂഷണം ചെയ്യുകയല്ലെന്നും മറിച്ച് ആദരിക്കുകയാണെന്നും തുഷാര്‍ പറഞ്ഞു. ഇതില്‍നിന്നും ലാഭം നേടാനല്ല തന്റെ ശ്രമം. പര്യസ്യങ്ങള്‍ക്കടക്കമുളള കാര്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം വളരെനാളുകളായി ഉപയോഗിച്ചുവരുന്നതാണ്. വാണിജ്യാവശ്യങ്ങള്‍ക്ക് ഗാന്ധി ചിത്രം ഉപയോഗിച്ചപ്പോള്‍ താന്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. നിയമത്തെക്കുറിച്ച് തനിക്കും അറിയാം. മോണ്ട്ബ്ലാക്ക് നിയമം ലംഘിച്ചതായി കരുതുന്നില്ല.

ഗാന്ധിജി നൂല്‍ നൂറ്റതിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചരട് അടക്കമാണ് പേന നിര്‍മ്മിച്ചിട്ടുള്ളത്. ദണ്ഡിയാത്രയുടെ ദൈര്‍ഘ്യം 241 മൈലായിരുന്നതിനാലാണ് കമ്പനി 241 പേനകളാണിറക്കിയത്. റോഡിയം പൂശിയ 18 ക്യാരറ്റ് സ്വര്‍ണ നിബ്ബാണ് പെന്നില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഈ നിബിലാണ് വടിയൂന്നി നില്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രമുള്ളത്.

വെള്ളിയില്‍ നിര്‍മ്മിച്ച നിബ്ബുള്ള പെന്നും കമ്പനി പുറത്തിറക്കുന്നുണ്ട്. ഇവക്ക് 1.7 ലക്ഷമാണ് വില. നേരത്തെ കൊക്കക്കോള അറ്റ്‌ലാന്റെയില്‍ ഗാന്ധിജിയുടെ വെങ്കലപ്രതിമ സ്ഥാപിച്ചത് വാര്‍ത്തയായിരുന്നു.

ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി 'ഗാന്ധി പേന' പുറത്തിറക്കുന്നു.

ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി 'ഗാന്ധി പേന' പുറത്തിറക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.