എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് വംശഹത്യ: ഇരകളുടെ ആശ്രിതര്‍ക്ക് ജോലിയില്‍ വയസിളവ് നല്‍കാന്‍ കേന്ദ്ര തീരുമാനം
എഡിറ്റര്‍
Monday 3rd March 2014 8:50am

gujrath-riot

ന്യൂദല്‍ഹി: ഗുജറാത്തില്‍ 2002ല്‍ വംശഹത്യയ്ക്ക് ഇരയായവരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ജോലിയില്‍ വയസിളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ രണ്ട് വ്യത്യസ്ത പത്രപരസ്യങ്ങളിലാണ് വംശഹത്യയില്‍ ഇരകളായവരുടെ ആശ്രിതര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വയസ് ഇളവ് നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്റലിജന്‍സ് ബ്യൂറോ, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിട്ടി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) വിഭാഗങ്ങളിലെ ജോലിക്കാണ് പ്രായപരിധിയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഗുജറാത്ത് വംശഹത്യയിലെ ഇരകലുടെ ബന്ധുക്കള്‍ക്ക് പുറമെ സിഖ് കൂട്ടക്കൊലയില്‍ ഇരകളായവരുടെ ബന്ധുക്കള്‍ക്കും അഞ്ച് വയസ് പ്രായപരിധി ഇളവ് സി.ഐ.എസ്.എഫ് നല്‍കുന്നുണ്ട്.

ദത്തെടുത്ത മക്കള്‍ ഉള്‍പ്പെടെ ഭാര്യയ്ക്കും മക്കള്‍ക്കും ഇളവിന് അവകാശമുണ്ട്. അതുകൂടാതെ വിവാഹിതരല്ലാത്ത സഹോദരനോ സഹോദരിയ്‌ക്കോ വയസിളവ് നല്‍കാമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ ഗുജറാത്ത് വംശഹത്യയുടെ പേരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതിനിടയിലാണ് ജോലിയില്‍ വയസിളവ് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

രാജ്യവ്യാപകമായി ഇന്റലിജന്‍സ് ബ്യൂറോയില്‍ വിവിധ വിഭാഗങ്ങളില്‍ 514 ഒഴിവും സി.ഐ.എസ്.എഫില്‍ 123 കോണ്‍സ്റ്റബിള്‍മാരുടെ ഒഴിവുമാണുള്ളത്.

Advertisement