സിനിമകളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഓരോ സീനിലും ആരോഗ്യത്തിനു ഹാനികരമാണെന്ന മുന്നറിയിപ്പു പ്രദര്‍ശിപ്പിക്കേണ്ടെന്നു സെന്റര്‍ ബോര്‍ഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി) ചെയര്‍ പെഴ്‌സണ്‍ ലീല സാംസണ്‍. സിനിമകളുടെ തുടക്കത്തിലും ഇടവേളയ്ക്കു ശേഷവും അവസാനവും മാത്രം മുന്നറിയിപ്പു കാണിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. മലയാള ചലച്ചിത്ര സംഘടനാ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക ഓഫിസുകളില്‍ ആവശ്യത്തിനു ജീവനക്കാരില്ല. ഇതു സംബന്ധിച്ചു ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു നിവേദനം സമര്‍പ്പിക്കും. സിനിമകളില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നതിന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കാന്‍ പ്രാദേശിക ഓഫിസുകള്‍ തുറക്കുമെന്നും അവര്‍ പറഞ്ഞു.

Subscribe Us:

സിനിമകളില്‍ മൃഗങ്ങളെ ഉപയോഗിക്കുന്ന കാര്യത്തില്‍ ചലച്ചിത്ര ലോകത്തിന്റെ നിര്‍ദേശം കണക്കിലെടുക്കാന്‍ വനം, പരിസ്ഥിതി മന്ത്രാലയങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ചിത്രത്തിലഭിനയിക്കുന്ന മൃഗങ്ങള്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് വേണ്ടതെന്നും സീനില്‍ വെറുതേ നില്‍ക്കുന്ന മൃഗങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

സിനിമാറ്റോഗ്രഫ് ആക്റ്റ് കാലത്തിനനുസരിച്ചു പരിഷ്‌കരിക്കണം. ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിന് അടുത്ത മാസം ചലച്ചിത്ര പ്രവര്‍ത്തകരുടെ യോഗം മുംബൈയില്‍ ചേരും. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അടുത്ത വര്‍ഷം പരിഷ്‌കരിച്ച ആക്റ്റ് പ്രാബല്യത്തില്‍ കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങള്‍ ചാനലുകളില്‍ പ്രവര്‍ത്തിപ്പിക്കേണ്ട സമയത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു തീരുമാനിക്കും.

സിബിഎഫ്‌സി ബോര്‍ഡ് അംഗങ്ങളായ ഷാജി എന്‍. കരുണ്‍, പങ്കജ് ഠാക്കൂര്‍, രാജീവ് മസന്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.