കൊച്ചി: സംസ്ഥാനസര്‍ക്കാറിന്റെ ലോട്ടറി ഓര്‍ഡിനന്‍സ് കേന്ദ്രനിയമത്തിന് എതിരല്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള നിലപാട് 24ന് വിശദമായി അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രാഥമിക നിരീക്ഷണത്തില്‍ ഓര്‍ഡിനന്‍സ് കേന്ദ്രചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും ഇതില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഓര്‍ഡിനന്‍സിനെതിരേ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഓര്‍ഡിനന്‍സിനെതിരായ ഹരജിയില്‍ ഇടക്കാല ഉത്തരവ് പാടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. ഭൂട്ടാനുമായുള്ള രാജ്യാന്തരകരാറിലെ വ്യവസ്ഥകള്‍ ഏതെങ്കിലും തരത്തില്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിദേശകാര്യവകുപ്പ് പരിശോധിച്ചുവരികയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.