തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കെ.സി വേണുഗോപാല്‍ എംപിയുടെ പരാതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംഭവത്തില്‍ അന്വേഷണം നടത്തും. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ അഞ്ചരക്കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്ന് കെ.സി വേണുഗോപാല്‍ എം.പി പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതില്‍ ഉചിതമായ നടപടി വേണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എം.പിയ്ക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചത്.


Also Read: 99 ശതമാനം നോട്ടുകള്‍ തിരികെ വന്നത് നല്ലതല്ലേ; തിരികെ വന്ന പണം പാവങ്ങളുടെ ക്ഷേമത്തിനുപയോഗിക്കുമെന്ന് വെങ്കയ്യ നായിഡു


സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതിക്കായി 5.60 കോടി കോഴ വാങ്ങിയെന്ന ആരോപണമാണ് ബിജെപിയെ വെട്ടിലാക്കിയത്. ആരോപണം ശരിവെക്കുന്ന ബി.ജെ.പിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

എന്നാല്‍ അഴിമതി നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം റിപ്പോര്‍ട്ട് പുറത്തുവിട്ടവര്‍ക്കെതിരെയായിരുന്നു ബി.ജെ.പിയുടെ അച്ചടക്ക നടപടി. കോഴയായി കിട്ടിയ 5.60 കോടി രൂപ ഹവാലപ്പണമായി ദല്‍ഹിയിലെത്തിച്ചുവെന്നാണ് ബിജെപിയുടെ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും മാധ്യമങ്ങളില്‍ കൂടി പുറത്തുവന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണ കമ്മീഷന്‍ പിന്നീട് വിജിലന്‍സിന് മൊഴി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.