ന്യൂദല്‍ഹി:സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി മുതിര്‍ന്ന ജസ്റ്റിസുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍.

നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണെന്നും അവിടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കുമെന്നും വിഷയത്തില്‍ കേന്ദ്രം ഇടപെടില്ലെന്നും നിയമ മന്ത്രി പി.പി ചൗധരി പറഞ്ഞു.

കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു മുതിര്‍ന്ന ജസ്റ്റിസുമാരാണ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്.

‘സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതാണ്. സുപ്രീം കോടതി ശരിയായ രീതിയില് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും’. മറ്റുവഴികളില്ലാത്തതുകൊണ്ടാണ് രാജ്യത്തോടായി ഇക്കാര്യം പറയുന്നത്. ചില കാര്യങ്ങളൊന്നും ശരിയായല്ല നടക്കുന്നത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ വിവരങ്ങളും വിശദീകരിച്ച് രണ്ട് മാസം മുന്‍പ് ചീഫ് ജസ്റ്റിസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് അനകൂല നടപടിയുണ്ടായില്ല. ഈ കത്ത് മാധ്യമങ്ങള്‍ക്ക് പുറത്തുവിടാം. ഇത്തരമൊരു സംഭവം അസാധാരണമാണെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നതെന്നും ചെലമേശ്വര്‍ പറഞ്ഞു.

നാളെ ഈ ജോലിയില്‍ നിന്നും പിരിഞ്ഞുപോവുമ്പോള്‍ തങ്ങള്‍ സ്വന്തം ആത്മാഭിമാനം പണയം വെച്ചാണ് ജോലി ചെയ്തതെന്ന് ആളുകള്‍ പറയരുത്. മറിച്ച് ആത്മാഭിമാനം കാത്തുസൂക്ഷിച്ചാണ് ജോലി ചെയ്തതെന്ന് വേണം പറയാന്‍. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടെയെന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.