ന്യൂദല്‍ഹി: 2 ജി ഇടപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ ശക്തമായി പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിനോ ധനകാര്യ വകുപ്പിനോ പങ്കില്ലെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. 2ജി കേസില്‍ തടവില്‍ കഴിയുന്ന രാജയും ആഭ്യന്തരമന്ത്രി പി.ചിദംബരവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അന്നത്തെ ടെലികോം മന്ത്രി എ.രാജയുമായി ചിദംബരം കൂടിക്കാഴ്ച നടത്തിയിട്ടില്ല. സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് 2008 ജനുവരി 10 ന് പുറത്തിറക്കിയ താല്‍പര്യ പത്രത്തെക്കുറിച്ച് ധനമന്ത്രാലയത്തിന് അറിവുണ്ടായിരുന്നില്ല. ചിദംബരത്തിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാദിച്ചു.

Subscribe Us:

തെറ്റായ കുറ്റങ്ങള്‍ ചിദംബരത്തിന് മേല്‍ കെട്ടിവക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും പാര്‍ലമെന്ററി ജനാധിപത്യത്തെ ഇത് നിഷ്‌ക്രിയമാക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു. ടെലികോം നടത്തിപ്പില്‍ ചിദംബരത്തിന് പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്. 2ജി ഇടപാട് നടക്കുന്ന സമയത്ത് ധനമന്ത്രിയായിരുന്ന ചിദംബരം തന്റെ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. 2ജി വിഷയം പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam news