ന്യൂദല്‍ഹി: അടുത്ത വര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹജ്ജ് നയം ഭരണഘടനാനുസൃതമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹജ്ജ് ക്വാട്ട വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് വന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹജ്ജ് ക്വാട്ടയിലുള്ള 800 ഒഴിവുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കണമെന്ന മുംബൈ ഹൈക്കോടതി വിധിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പരാതി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും, വി.ഐ.പികള്‍ക്കും വേണ്ടി മാറ്റിവച്ചതാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഹജ്ജിനയക്കാനുള്ള തീരുമാനത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളെ അയക്കുന്നതുവഴി സര്‍ക്കാരിന് രാഷ്ട്രീയ നേട്ടങ്ങളുണ്ടായിരിക്കാം. എന്നാല്‍ മതപരമായി ഇത് തെറ്റാണെന്ന് കോടതി വ്യക്തമാക്കി. എന്ത് ഹജ്ജാണിതെന്നും കോടതി ചോദിച്ചു.

2012നു മുമ്പ് പുതിയ നയം രൂപീവത്കരിച്ച് കോടതിക്ക് മുന്നില്‍ വെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കോടതി ചര്‍ച്ച ചെയ്തതിന് ശേഷമേ അന്തിമ തീരുമാനത്തിലെത്തുകയുള്ളു.