എഡിറ്റര്‍
എഡിറ്റര്‍
ഭൗമശാസ്ത്ര പഠന കേന്ദ്രം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം
എഡിറ്റര്‍
Tuesday 21st August 2012 9:16am

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പഠനകേന്ദ്രം (സെസ്) കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആവശ്യം യാഥാര്‍ത്ഥ്യമായാല്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെയും കൂടെ സെസ്സും കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനമാവും. ഇതോടെ ഗവേഷണത്തിന് കൂടുതല്‍ പണവും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും ദേശീയ പ്രാധാന്യവും സെസ്സിന് ലഭിക്കും.

Ads By Google

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ തീരുമാനമനുസരിച്ചാണ് കൗണ്‍സിലിന്റെ പ്രസിഡന്റുകൂടിയായ മുഖ്യമന്ത്രി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനോട് സ്ഥാപനം ഏറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. മന്ത്രാലയം നിയോഗിച്ച ഡോ.ഗോയലിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം അടുത്തിടെ സെസ് സന്ദര്‍ശിച്ചിരുന്നു.

ഇവിടത്തെ സൗകര്യങ്ങളിലും ഗവേഷണങ്ങളിലും തൃപ്തരായ സംഘം സ്ഥാപനം ഏറ്റെടുക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദഗ്ധസംഘം നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഭൗമശാസ്ത്ര മന്ത്രാലയവും കേന്ദ്ര ആസൂത്രണ കമ്മീഷനും കേന്ദ്ര മന്ത്രിസഭയും തീരുമാനമെടുക്കുക. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാല്‍ സംസ്ഥാനമന്ത്രിസഭ സ്ഥാപനം വിട്ടുകൊടുക്കാന്‍ തീരുമാനിക്കും.

സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെയും പ്രശ്‌നങ്ങളെയും പറ്റിയുള്ള ഗവേഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനായി സെസ് സ്ഥാപിച്ചത്. സ്ഥാപനം കേന്ദ്രം ഏറ്റെടുക്കുന്നതോടെ ദേശീയ അന്തര്‍ദേശീയ തലത്തിലേക്ക് സ്ഥാപനം വളരുമെങ്കിലും കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് ഗവേഷണത്തില്‍ മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവെയ്ക്കുമെന്ന് ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. വി.എന്‍.രാജശേഖരന്‍പിള്ള പറഞ്ഞു.

ഇതില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് നേരത്തേ തന്നെ കേന്ദ്ര സ്ഥാപനമായി. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് ഇപ്പോള്‍ നാല്‌ ഗവേഷണ സ്ഥാപനങ്ങളുണ്ട്. ദേശീയതലത്തില്‍ ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തുന്ന സെസ് മന്ത്രാലയത്തിന്റെ പ്രമുഖ സ്ഥാപനമായി മാറും.

മുമ്പ് എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കേന്ദ്രം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിരുന്നില്ല.

Advertisement