ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ സമരത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നതിന് കാരണം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍. ടുണീഷ്യയില്‍ നിന്നാരംഭിച്ച മുല്ലപ്പൂ വിപ്ലവം ഈജിപ്തിലും മറ്റ് അറബ് രാഷ്ട്രങ്ങളിലും വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ പ്രക്ഷോഭങ്ങള്‍ക്കെല്ലാം പിറകിലെ മുഖ്യ കാരണം ഭരണ രംഗത്തെ അഴിമതിയായിരുന്നു.

ഈജിപ്തിനും ടുണീഷ്യയ്ക്കും സമാനമായ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലും ഉണ്ടായാല്‍ അത് ആഗോളമാധ്യമശ്രദ്ധ പിടിച്ചുപറ്റുമെന്നത് ഇന്ത്യ ഭയപ്പെടുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം തന്നെ രാജ്യങ്ങളിലെ പ്രധാന ചത്വരങ്ങള്‍ കേന്ദീകരിച്ചായിരുന്നു പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഈ ചത്വരങ്ങള്‍ പീന്നീട്  പ്രക്ഷോഭകര്‍ താവളമാക്കുകയായിരുന്നു. പിന്നീട് സൈന്യത്തെ ഉപയോഗിച്ചാണ് ഇവരെ നീക്കം ചെയ്തത്. ഇത് വന്‍ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. സമാനമായ സ്ഥിതി ഇന്ത്യയില്‍ ഉണ്ടാവാതിരിക്കാനാണ് സര്‍ക്കാര്‍ സമരത്തെ എതിര്‍ക്കുന്നത്.

നിരാഹാര സമരം നടക്കുന്ന രാം ലീലാ മൈതാനത്ത് ജനങ്ങള്‍ തടിച്ച് കൂടിയാല്‍ ബാബാ രാംദേവിന്റെ വിഷയത്തില്‍ ചെയ്തത് പോലെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുക എന്നത് വ്യാപക ജനപിന്തുണയുള്ള ഹസാരെയുടെ കാര്യത്തില്‍ സാധ്യമല്ല. കൂടുതല്‍ പ്രക്ഷോഭത്തിന് വഴിവെക്കും എന്നത് കൊണ്ടാണത്.