ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ വൈകുന്നേരം അഞ്ച് മണിക്ക് ചേരുന്ന യോഗത്തില്‍ ബില്‍ പരിഗണിക്കും. ഭക്ഷ്യമന്ത്രി കെ.വി തോമസ് ബില്‍ അവതരിപ്പിക്കും.

6570 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം സംഭരിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുവഴി ഗ്രാമീണ ജനതയുടെ 75 ശതമാനവും നഗരജനതയുടെ 50 ശതമാനവും ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ വരും. ഇത്രയും ഭക്ഷ്യധാന്യം മൂന്ന് വര്‍ഷം നല്‍കുന്നതിനുള്ള ശേഖരം സര്‍ക്കാറിന്റെ കൈയിലുണ്ട്.

പദ്ധതിക്ക് ഒരു വര്‍ഷം മൂന്നര ലക്ഷം കോടി രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികസംസ്‌കരണസംഭരണ മേഖലകളില്‍ ആധുനികവത്കരണം കൊണ്ടുവരുന്നതിനുള്ള ചെലവുള്‍പ്പെടെയാണ് മൊത്തം തുക കണക്കാക്കിയിരിക്കുന്നത്. പയറുവര്‍ഗങ്ങള്‍ നല്‍കുന്ന പദ്ധതി 52 ജില്ലകളില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതാണ്. രാജ്യത്തെ എല്ലാ ജില്ലകളിലേക്കും ഇപ്പോള്‍ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്.

സൗജന്യനിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണത്തിന് മുന്‍ഗണനാ വിഭാഗമെന്നും പൊതുവിഭാഗമെന്നും രാജ്യത്തെ കുടുംബങ്ങളെ രണ്ടായി തരംതിരിക്കുന്നതാണ് ധനമന്ത്രാലയം അംഗീകാരം നല്‍കിയ കരട് ബില്‍. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ മുന്‍ഗണനാ വിഭാഗത്തിലും കുറഞ്ഞവരുമാനമുള്ള ഇടത്തരം കുടുംബങ്ങളെ പൊതുവിഭാഗത്തിലുമാണ് ഈ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന ഓരോ വ്യക്തിക്കും ഒരു മാസം ഏഴ് കിലോ ഭക്ഷ്യധാന്യം വരെ കുറഞ്ഞ വിലക്ക് ലഭിക്കും. മൂന്ന് രൂപ നിരക്കില്‍ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പും ഇവര്‍ക്ക് നല്‍കും. വരുമാനം കുറഞ്ഞ ഇടത്തരക്കാര്‍ക്ക് ഇത്രയും കുറഞ്ഞ വിലയില്‍ ഭക്ഷ്യധാന്യം ലഭിക്കുകയില്ല. കുറഞ്ഞ താങ്ങുവിലയുടെ 50 ശതമാനത്തില്‍ കൂടാത്ത വില ഈടാക്കിയാണ് ഇവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കുക.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും 3മാസം മുതല്‍ 13 വയസുവരെയുള്ള കുട്ടികള്‍ക്കും പോഷകാഹാരങ്ങള്‍ വിതരണം ചെയ്യും. ആറ് മാസത്തേക്ക് മുലയൂട്ടുന്ന അമ്മമാര്‍ക്ക് 1,000 രൂപ നല്‍കും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈയാഴ്ച തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കുന്നതിനൊപ്പം ചട്ടങ്ങള്‍ക്കു രൂപം നല്‍കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Malayalam news

Kerala news in English