എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അന്തിമാനുമതി
എഡിറ്റര്‍
Tuesday 19th November 2013 10:20am

aranmula-airport

ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനത്താവളമായ ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലമാണ് അനുമതി നല്‍കിയത്. ഇന്നലെയാണ് വനം പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ആറന്മുളയില്‍ വിമാനത്താവളം വരുന്നതു പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമാനുമതി നല്‍കിയത്. രണ്ടു ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. 2000 കോടി രൂപയുടേതാണു പദ്ധതി.

വിവിധ പരിസ്ഥിതി സംഘടനകളുടെയും പൊതുജനങ്ങളുടെയും പരാതികളും അവയ്ക്ക് കമ്പനി നല്കിയ നിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് നിബന്ധനകളോടെ അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

നേരത്തെ വിമാനത്താവള നിര്‍മ്മാണത്തിന് ഭൂപരിധി ഇളവിന് കെ.ജി.എസ് ഗ്രൂപ്പിന് അര്‍ഹതയുള്ളതായി സംസ്ഥാന പരിസ്ഥിതി വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതിയുടെ വിലക്ക് മറികടന്ന് പദ്ധതിക്ക് വയല്‍ നികത്താനുള്ള അനുകൂലതീരുമാനവും സംസ്ഥാന പരിസ്ഥിതി വകുപ്പ് എടുത്തിരുന്നു.

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കരുതെന്ന് കാണിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷം എം.എല്‍.എമാരും നിരവധി പരിസ്ഥിതി സംഘടനകളും കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ഇതൊക്കെ തള്ളിക്കൊണ്ടാണ് കേന്ദ്രം ഇപ്പോള്‍ വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

കമ്പനിക്ക് ഉപാധികളോടെ മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാനാകൂ എന്ന് കേന്ദ്രം കെ.ജി.എസ് ഗ്രൂപ്പിനോട് നിര്‍ദേശം വെച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് യാതൊരു വിധത്തിലുള്ള കോട്ടങ്ങള്‍ തട്ടാത്ത രീതിയിലായിരിക്കണം വിമാത്താവള പ്രവര്‍ത്തനം നടക്കേണ്ടതെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ആറന്മുള അന്താരാഷ്ട്ര വിമാനത്താവളം 2015 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പദ്ധതി നടപ്പാക്കുന്ന കെ.ജി.എസ്. ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

2,000 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 420 കോടി രൂപ ഇതുവരെ മുതല്‍ മുടക്കിയെന്നും ദ്ധതിക്കെതിരെ ഒരു കേസ് പോലും നിലവിലില്ലെന്നും കമ്പനി വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

1,500 പേര്‍ക്ക് നേരിട്ടും 6,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന സംരംഭമാണിത്. 2,000 കോടി രൂപ മുതല്‍ മുടക്കുന്നതില്‍ മൂന്നില്‍ രണ്ടുഭാഗം ബാങ്കുകളില്‍ നിന്ന് വായ്പയായാണ് സംഘടിപ്പിക്കുന്നത്.

പദ്ധതിക്കായി ഏഴ് വീടുകള്‍ മാത്രമാണ് ഒഴിപ്പിക്കേണ്ടി വരുന്നതെന്നും കെ.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജിജി ജോര്‍ജ് ജിജി പറഞ്ഞിരുന്നു.

പദ്ധതിക്കാവശ്യമായ 700 ഏക്കറില്‍ 500 ഏക്കറും ഏറ്റെടുത്തിട്ടുണ്ട്. കേരളസര്‍ക്കാര്‍ 55 ഏക്കര്‍ നല്‍കി. പദ്ധതിയില്‍ കേരളസര്‍ക്കാറിന് 10 ശതമാനം പങ്കാളിത്തമുണ്ട്.

Advertisement