ന്യൂദല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ വര്‍ഷത്തില്‍ ആറെണ്ണമായി പരിമിതപ്പെടുത്തിയ കേന്ദ്രതീരുമാനത്തിനെതിരെ കോണ്‍ഗ്രസ് മന്ത്രിമാര്‍ രംഗത്ത്. സബ്‌സിഡിയോടെ സിലിണ്ടറുകളുടെ എണ്ണം കുറച്ചത് ജനങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃമന്ത്രി കെ.വി.തോമസും കൃഷിഭക്ഷ്യ സംസ്‌കരണ മന്ത്രി ഹരീഷ് റാവത്തും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതി.

Ads By Google

ഒരുവര്‍ഷം ആറ് സിലിണ്ടറുകള്‍ നിലവിലുള്ള വിലയ്ക്ക് വിതരണംചെയ്യണം. തുടര്‍ന്ന് ഏഴുമുതല്‍ 12 വരെ സിലിണ്ടറുകള്‍ക്ക് 50 രൂപയും 13 മുതല്‍ 24 വരെ സിലിണ്ടറുകള്‍ക്ക് 150 രൂപയും അധികമായി നല്‍കണം.

24ന് മേലുള്ള സിലിണ്ടറുകള്‍ക്ക് സബ്‌സിഡിയില്ലാതെ മുഴുവന്‍വിലയും ഈടാക്കാം. പാചകവാതക സിലിണ്ടറിന് സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും മന്ത്രി തോമസ് മുന്നോട്ടുവെച്ചു.

ചില്ലറവ്യാപാരമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ചത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്നും ഉത്പന്നങ്ങള്‍ക്ക് അതുവഴി നല്ലവില ലഭിക്കുമെന്നും ഭക്ഷ്യമന്ത്രാലയം വിലയിരുത്തി.

ഇപ്പോള്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന ഉത്പന്നങ്ങള്‍ ഏഴ് തട്ടുകളിലൂടെയാണ് ഒടുവില്‍ ഉപഭോക്താവിന്റെ കൈയിലെത്തുന്നത്. ഇടത്തട്ടുകാരില്ലാതെ, ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉപഭോക്താവിന്റെ കൈയിലെത്തുമെന്നതാണ് ചില്ലറമേഖലയിലെ വിദേശനിക്ഷേപംകൊണ്ടുള്ള ഒരു പ്രയോജനം.

അതേസമയം, വന്‍കമ്പനികള്‍ ഈ മേഖലയില്‍ കുത്തക സ്ഥാപിക്കുമ്പോള്‍ സാധാരണക്കാരായ ചെറുകിട കച്ചവടക്കാരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന് ആലോചിക്കേണ്ടതുണ്ടെന്നും തോമസ് കത്തില്‍ പറഞ്ഞു.